അലക്യം അപകടം: പാച്ചേനിക്ക് കണ്ണീർ പ്രഭാതം
text_fieldsപയ്യന്നൂർ: ജോലി അവൾക്കൊരു സ്വപ്നമായിരുന്നു. അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയായിരുന്നു അതിരാവിലെ സ്നേഹയും ജ്യേഷ്ഠൻ ലോഭേഷും വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ, ആ സന്തോഷം നിലനിന്നത് നിമിഷങ്ങൾ മാത്രം. വീട്ടിൽ നിന്നിറങ്ങി അര മണിക്കൂർ പിന്നിടും മുമ്പ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി ആ സന്തോഷം തല്ലിക്കെടുത്തി.
ഏറെ കഠിനാധ്വാനത്തോടെ പഠിച്ചുനേടിയ ഒരു ജോലിയിൽ പ്രവേശിക്കാനുള്ള യാത്രയാണ് സ്നേഹക്ക് അന്ത്യയാത്രയായത്. എന്തുവില കൊടുത്തും ഹയർ സെക്കൻഡറി അധ്യാപികയാവണമെന്ന് അവൾ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഗെസ്റ്റ് അധ്യാപികയാണെന്നറിഞ്ഞിട്ടും മഞ്ചേശ്വരത്തേക്ക് അവൾ വണ്ടികയറാൻ തീരുമാനിച്ചത്. കന്നിയാത്രയായതിനാൽ പയ്യന്നൂർ സ്റ്റേഷനിലെത്തി വണ്ടി കയറ്റാമെന്ന് ലോഭേഷ് കരുതി. ഒടുവിൽ അനുജത്തി മാത്രമല്ല, കൂട്ടുപോയ ഏട്ടനും അപകടങ്ങളില്ലാത്ത ലോകത്തേക്ക് കടന്നുപോയി.
നാട്ടിൽ അധികമാരോടും സൗഹൃദം കൂടാൻ സമയം കണ്ടെത്താത്ത യുവാവായിരുന്നു ലോഭേഷ് എന്ന് സുഹൃത്തുക്കൾ പറയുന്നു. പിതാവും മകനും ഒരു ബൈക്കിൽ എന്നും ഒന്നിച്ച് യാത്ര ചെയ്യാറുണ്ട്. ജോലി സ്ഥലത്തേക്കായിരിക്കും അത്. എന്നാൽ, അന്ത്യയാത്രക്ക് കൂട്ട് സഹോദരി സ്നേഹയായിരുന്നു.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ആയിരങ്ങളാണ് തടിച്ചുകൂടിയത്. പിതാവിനെയും മാതാവിനെയും സഹോദരിയെയും ആശ്വസിപ്പിക്കാൻ കൂടി നിന്നവർക്കായില്ല. തെന്നിവീണ ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ലോറി മറിഞ്ഞതെന്നാണ് ഡ്രൈവർ മൊഴി നൽകിയത്.
എന്നാൽ, ഇത് വിശ്വസനീയമല്ല. റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നു. എതിരെ വാഹനം വരുമ്പോൾ വെള്ളക്കെട്ടുകാരണം ബൈക്ക് വേഗത കുറച്ചപ്പോൾ പിറകിൽ ലോറിയിടിച്ചതായാണ് വിവരം. രാവിലെയായതും കനത്ത മഴയും കാരണം റോഡിൽ അധികമാളുണ്ടായില്ല.
മഴ രക്ഷാപ്രവർത്തനത്തിനു തടസ്സമായി. എന്നാൽ, ആളുകൾ ഓടിക്കൂടി ലോറി ഉയർത്താൻ ശ്രമം നടത്തി. വൈകാതെ പൊലീസും അഗ്നിരക്ഷസേനയും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.