അമൃത് ഭാരത്; പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
text_fieldsപയ്യന്നൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വികസന പ്രവൃത്തി രണ്ടാം ഘട്ടത്തിലേക്ക്. സ്റ്റേഷൻ നവീകരണത്തിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. സ്റ്റേഷനു പുറത്ത് വിശാലമായ പാർക്കിങ് സൗകര്യം 90 ശതമാനവും പൂർത്തിയായതിനു പിന്നാലെയാണ് പ്രവൃത്തി പ്രധാന കെട്ടിടത്തിലേക്ക് കടന്നത്.
നേരത്തെയുണ്ടായ കെട്ടിടത്തിന്റെ മുഖം മിനുക്കി സൗന്ദര്യം വർധിപ്പിക്കുന്നതിനു പുറമെ കൂടുതൽ സൗകര്യങ്ങൾ കൂട്ടുകയും ചെയ്യും. ഇതിന്റെ ഭാഗമായി സ്റ്റേഷന്റെ തുടക്കം മുതൽ ഉണ്ടായ കെട്ടിടത്തിന്റെ പ്രവേശന ഭാഗത്തെയും പ്ലാറ്റ് ഫോം ഭാഗത്തെയും ചുമരുകൾ പൊളിച്ചുനീക്കി. നേരത്തെ ഗ്രിൽസ് വാതിൽ തുറന്ന് കയറുന്ന സ്ഥലമാണിത്. യാത്രക്കാരുടെ വിശ്രമസ്ഥലവും ടിക്കറ്റ് കൗണ്ടറുകളും ഇവിടെയാണ്. ഇത് ഇനി ചുമരുകളോ തടസമോ ഇല്ലാതെ പ്ലാറ്റ്ഫോം വരെ നീണ്ട വിശാലമായ ഹാൾ ആവും. ഇതിനു പുറമെ പുതിയ ഫൂട്ഓവർ ബ്രിഡ്ജ്, ലിഫ്റ്റ് തുടങ്ങിയവയുമുണ്ടാവും.
സ്റ്റേഷൻ കെട്ടിടവും പ്ലാറ്റ് ഫോം മേൽക്കൂരയും നവീകരിച്ച് സൗന്ദര്യവത്കരിക്കും. ടിക്കറ്റ് കൗണ്ടർ, വിശ്രമകേന്ദ്രം തുടങ്ങിയവയും നവീകരിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള സ്റ്റേഷനുകളിൽ ഒന്നാണ് പയ്യന്നൂർ. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രം തുടങ്ങി രാജ്യരക്ഷയുമായി ബന്ധപ്പെട്ട പ്രധാന അക്കാദമിക് കേന്ദ്രങ്ങൾക്ക് അടുത്ത സ്റ്റേഷൻ എന്ന നിലയിൽ പയ്യന്നൂർ സ്റ്റേഷന് പ്രത്യേക പ്രാധാന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.