കാർഷിക സംസ്കൃതിയുടെ അടയാളക്കാഴ്ചയായി അടക്കാതൂണുകൾ
text_fieldsനീലിയാർകോട്ടത്ത് കളിയാട്ടത്തിന്റെ ഭാഗമായി ഒരുങ്ങിയ അടക്കാതൂണുകൾ
പയ്യന്നൂർ: കാർഷിക സംസ്കൃതിയുടെ പൈതൃകത്തിന്റെ അടയാളക്കാഴ്ചയായി അടക്കാതൂണുകൾ. മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണം പഴുക്കടക്ക തുണുകൾ കൊണ്ട് അലങ്കരിക്കുന്നത്. നീലിയാർ കോട്ടമെന്ന പേരിൽ പ്രസിദ്ധമായ ഇവിടെ വർഷംതോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അടക്കകൾ കൊണ്ട് അലങ്കാര തൂണുകൾ ഉണ്ടാക്കുന്നത്.
20,000 പഴുത്ത അടക്കകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗ്രാമങ്ങളിലെ കവുങ്ങുകളിൽനിന്ന് ല പഴുത്ത അടക്ക കുലകൾ പൊളിച്ച് നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകളുടെ നിർമാണം. അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തിൽ രണ്ടാം നാളിൽ അടക്കാതൂണുകളുടെ നിർമാണം തുടങ്ങും. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടുന്ന സ്ത്രീകളാണ് തൂൺ നിർമാണ കലാകാരികൾ.
അടക്കകൾ കുലയിൽനിന്ന് പറിച്ചെടുത്ത് തരംതിരിച്ച് ചരടിൽ കോർത്ത് ക്ഷേത്ര തൂണുകൾക്ക് വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്. കളിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ രാത്രിയോടെ പൂർത്തിയാകുന്ന ഈ പൊൻ മുത്തു പോലുള്ള തൂണുകൾ നാലാം നാളിൽ എത്തുന്നവർക്ക് നയന മനോഹര കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്. കനകവർണ തൂണുകൾ ആസ്വദിക്കാൻ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും നിരവധി പേർ എത്താറുണ്ട്. നിർമാണം പൂർത്തിയാക്കി ഈ അലങ്കാരം പൊതുജനങ്ങൾക്ക് ദർശിക്കാം.
അമ്പലത്തിലെ മുന്നിലെ പത്ത് അടക്കാ തൂണുകളാണ് പാരമ്പര്യ പ്രൗഢിയോടെ ഒരുക്കുക പതിവ്. എല്ലാ വർഷവുമുള്ള തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശവും ഈ കോട്ടത്തിന്റെ പ്രത്യേകതയാണ്.എട്ടിന് പുലർച്ചയുള്ള തീച്ചാമുണ്ഡിയും 12ന് തിരുമുടി നിവരുന്ന നീലിയാർ ഭഗവതിയുടെ പുറപ്പാടും കാണാനെത്തുന്നവർക്ക് അടക്കാ തൂണുകളും പൈതൃക കാഴ്ചതന്നെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.