ഓട്ടോ പാർക്കിങ് തടഞ്ഞ് ആയുർവേദ കോളജ് അധികൃതർ
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ.ആയുർവേദ കോളജിലേക്കുള്ള റോഡിലെ ഓട്ടോ പാർക്കിങ് തടഞ്ഞ് റോഡിന്റെ മധ്യത്തിൽ ചരടുകെട്ടി ബോർഡുവെച്ച നടപടി വിവാദത്തിൽ. കോളജ് അധികൃതരുടെ നടപടിക്കെതിരെ ഓട്ടോ ഡ്രൈവർമാരുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.
ദേശീയപാതയുടെ പണി നടക്കുന്നതിനാൽ മാസങ്ങളായി ആയുർവേദ കോളജിലേക്കുള്ള റോഡിന്റെ ഒരു ഭാഗത്താണ് അലക്യം പാലത്തിനു സമീപത്തെ ഓട്ടോകൾ പാർക്കു ചെയ്യുന്നത്. ഇത് മുന്നറിയിപ്പില്ലാതെ അധികൃതർ തടയുകയായിരുന്നു. കഴിഞ്ഞ മാസം 15നാണ് പാർക്കിങ് വിലക്കി പ്രിൻസിപ്പൽ ഉത്തരവിറക്കിയത്. ഇതിനുശേഷവും ഓട്ടോകൾ പാർക്കു ചെയ്തതോടെ കഴിഞ്ഞ ദിവസം പാർക്കിങ് തടഞ്ഞ് റോഡിൽ ബോർഡ് സ്ഥാപിക്കുകയായിരുന്നു. ചരടുകെട്ടിയും മരക്കഷണങ്ങൾ ഇട്ടും വണ്ടി കയറുന്നത് വിലക്കുകയും ചെയ്തു.
ആശുപത്രിയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് പറഞ്ഞാണ് ഓട്ടോ സ്റ്റാൻഡിനെതിരെ നടപടിയെടുത്തത്. എന്നാൽ ഗതാഗതത്തിന് തടസ്സം നേരിടുമെന്നു പറഞ്ഞവർ തന്നെ റോഡിന്റെ മധ്യത്തിൽ തടസ്സമേർപ്പെടുത്തിയതാണ് വിവാദമായത്. പാതയുടെ ഒരു വശത്ത് മാത്രമാണ് ഓട്ടോകൾ പാർക്ക് ചെയ്തിരുന്നതെന്നും ഇത് തടസ്സപ്പെടുത്തുക മാത്രമാണ് അധികൃതരുടെ ലക്ഷ്യമെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു. പാർക്കിങ്ങിനെതിരെയുള്ള നടപടിക്കെതിരെ ഓട്ടോ ഡ്രൈവർമാർ കോളജ് അധികൃതരെ സമീപിച്ചുവെങ്കിലും തീരുമാനം മാറ്റാൻ തയാറായില്ല. ഏതാനും ഉദ്യോഗസ്ഥരാണ് തീരുമാനത്തിന് പിന്നിലെന്ന് ഡ്രൈവർമാർ ആരോപിച്ചു.
അധികൃതർ പാർക്കിങ് തടഞ്ഞതോടെ അലക്യംപാലത്തിനു സമീപത്തെ ഓട്ടോ ഡ്രൈവർമാർ പെരുവഴിയിലായി. നേരത്തെ ഉറുസുലിൻ സ്കൂളിലേക്കുള്ള റോഡരികിൽ ദേശീയ പാതയോരത്താണ് പാർക്കിങ് ഉണ്ടായിരുന്നത്. ഇവിടെ ദേശീയ പാതയുടെ നിർമാണ പ്രവൃത്തി തുടങ്ങിയതോടെയാണ് ഓട്ടോ സ്റ്റാൻഡ് കോളജ് റോഡിലേക്ക് മാറ്റിയത്. ആയുർവേദ കോളജ്, ഉറുസുലിൻ സ്കൂൾ, കടന്നപ്പള്ളിയിലും മറ്റുമുള്ള നിരവധി ആരാധനാലയങ്ങൾ, ക്വാർട്ടേഴ്സുകൾ, കടന്നപ്പള്ളി കോട്ടത്തുംചാൽ, തെക്കേക്കര പ്രദേശങ്ങൾ തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണ് അലക്യംപാലം. ടൗൺ ടു ടൗൺ ബസുകൾക്കു വരെ ഇവിടെ സ്റ്റോപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.