പ്രിയമുള്ളവരേ... നിങ്ങൾ കേൾക്കുന്നത് ആയുർവാണി
text_fieldsപയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളജ് ആശുപത്രിയിലെത്തിയാൽ റേഡിയോവഴി ഒരറിയിപ്പ് കേൾക്കാം. കർക്കടക മാസത്തിലെ ചികിത്സയെക്കുറിച്ചായിരിക്കാം അത്. അല്ലെങ്കിൽ മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായിരിക്കാം. പ്രതിരോധത്തിനുള്ള മാർഗങ്ങളായിരിക്കാം. അതുമല്ലെങ്കിൽ ഇനിയൊരു പ്രഭാഷണം കേൾക്കാം എന്നായിരിക്കാം.
ആശുപത്രിയിലെ ആരോഗ്യ സംപ്രേഷണ നിലയമായ ആയുർവാണിയാണ് വേറിട്ട ആരോഗ്യ ബോധവത്കരണ മാധ്യമമായി പൊതുജനശ്രദ്ധയാകർഷിക്കുന്നത്. ആശുപത്രി വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള സ്പീക്കറിലൂടെ സാന്ത്വനസംഗീതവും ആരോഗ്യ ബോധവത്കരണ പ്രഭാഷണങ്ങളും സംപ്രേഷണം ചെയ്യുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച ആയുർവാണിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എം. വിജിൻ എം.എൽ.എയാണ് സംപ്രേഷണ നിലയം ഉദ്ഘാടനം ചെയ്തത്. ആശുപത്രിയിൽ ലഭ്യമായ സൗകര്യം, ചികിത്സകൾ, രോഗികളുടെ ആരോഗ്യ സംബന്ധിയായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, സുഭാഷിതങ്ങൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ ആരോഗ്യവാണിയിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്. ചികിത്സ കഴിഞ്ഞ് പോകുന്നവരുടെ അഭ്യർഥന പ്രകാരം സംപ്രേഷണം ചെയ്യുന്ന മികച്ച ആരോഗ്യ പ്രഭാഷണങ്ങൾ ഇനി മുതൽ പൊതുജനങ്ങൾക്കുള്ള ഗ്രൂപ്പുകളിലും ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതോടെ ആയുർവാണി ഏറെ ജനകീയമായ ഒരു ആരോഗ്യ ബോധവത്കരണ വാണിയായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.