ശ്രദ്ധിക്കുക, ഈ പാതയിൽ മരണം പതിയിരിക്കുന്നു
text_fieldsപയ്യന്നൂർ: കാലവർഷം കനത്തതോടെ മരണത്തിലേക്കുള്ള വഴി തുറന്ന് ദേശീയപാത. പാതി വഴിയിൽ നിൽക്കുന്ന നിർമാണ പ്രവൃത്തിയാണ് ദേശീയ പാതയെ കുരുതിക്കളമാക്കുന്നത്. അപകട മുന്നറിയിപ്പ് നൽകാൻ നിർമാണ കമ്പനികൾ നടപടിയെടുക്കാത്തതാണ് ദുരന്ത തീവ്രത കൂട്ടുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ഞായറാഴ്ച രാത്രി പാതയിലെ വെള്ളക്കുഴിയിൽ വീണ് തളിപ്പറമ്പ് സ്വദേശിയായ റിയാസ് മരിക്കാനിടയായത് ഈ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണം. സർവിസ് റോഡിൽ പുതുതായി നിർമിച്ച കലുങ്കാണ് അപകടത്തിന് കാരണമായത്. കലുങ്കിന് വേണ്ടിയെടുത്ത കുഴിയിൽ കോൺക്രീറ്റിനുശേഷമുള്ള ഭാഗം തുറന്നു കിടന്നതാണ് ബൈക്ക് വീഴാൻ കാരണം. ഇതു വഴി ഗതാഗതം തടയുന്ന രീതിയിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കലുങ്കിന് ഏതാനും വാര അകലെ നിന്ന് ഗതാഗതം തിരിച്ചു വിട്ടിരുന്നുവെങ്കിലും ഇത് ശ്രദ്ധയിൽപ്പെടാത്തതാണ് മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് മുന്നറിയിപ്പ് ബോർഡ് കാണാനാവില്ല. മാത്രമല്ല കനത്ത മഴയും വില്ലനാവുന്നു. റോഡ് തിരിച്ചുവിടുന്ന സ്ഥലത്തു തന്നെ പാത പൂർണമായും അടച്ചിരുന്നുവെങ്കിൽ ഒരു വിലപ്പെട്ട ജിവൻ രക്ഷിക്കാമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ പണിയെടുക്കുമ്പോൾ വേണ്ട ഹോംവർക്കോ മുൻകരുതലോ ഇല്ലാത്തതാണ് പാതയെ ദുരിതപാതയാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പലയിടത്തും വൻ കുഴികളാണ്. ചിലയിടത്ത് പാതയിലേക്ക് നീളുന്ന കമ്പികളും ഭീതി പരത്തുന്നു. മണ്ണിടിച്ചിലും പാതയിലെ വെള്ളക്കെട്ടുമാണ് മറ്റൊരു അപകടക്കെണി.
കഴിഞ്ഞ ജനുവരിയിൽ ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ നാഷനൽ പെർമിറ്റ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തലനാരിഴക്കാണ് ദുരന്തം വഴി മാറിയത്. പിലാത്തറ ദേശീയപാതയിൽ പീരക്കാംതടത്തിൽ ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് ലോറി മറിഞ്ഞത്.
മൂവാറ്റുപുഴയിൽനിന്ന് മുംബൈയിലേക്ക് പൈനാപ്പിളുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എതിർദിശയിൽനിന്ന് ടൂ വീലർ വന്നപ്പോൾ സൈഡ് കൊടുക്കാൻ വണ്ടി ഒതുക്കിയപ്പോഴാണ് ലോറി സർവിസ് റോഡിൽനിന്ന് പണി നടക്കുന്ന ദേശീയ പാതയിലേക്ക് മറിഞ്ഞത്.
സർവിസ് റോഡിന്റെ വീതിക്കുറവ് അപകടങ്ങൾ നിത്യസംഭവ കാൻ കാരണമാവുന്നതായി നട്ടുകാർ പറയുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയിലും പിന്നീടും ഈ ഭാഗത്ത് സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.