ആശുപത്രികളിൽ വരുന്നവരുടെ ശ്രദ്ധക്ക് നായുണ്ട് സൂക്ഷിക്കുക...
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ഗവ. ആയുർവേദ കോളജിലും എത്തുന്നവർക്ക് ഏതുനിമിഷവും തെരുവുനായ്ക്കളുടെ കടിയേൽക്കാം. രണ്ടു കാമ്പസുകളിലും നായ്ക്കളുടെ വിളയാട്ടമാണ്. ഭയപ്പെട്ടാണ് രോഗികളും കൂടെയുള്ളവരും ഇവിടങ്ങളിലെത്തുന്നത്. വിദ്യാർഥികളും ഭീതിയിലാണ്. നായ്ക്കൂട്ടങ്ങൾ പാതകൾ കൈയടക്കുന്ന സ്ഥിതിയാണ്.
ആയുർവേദ കോളജിൽ തെരുവുനായ്ക്കളുടെ കൂട്ടങ്ങളാണ് എവിടെയും. കാമ്പസിനകത്ത് ജീവനക്കാരുടെ ക്വാട്ടേഴ്സ്, ഹോസ്റ്റൽ പരിസരം, കോളജ് പരിസരം, ആശുപത്രി എന്നിവിടങ്ങളിൽ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം രാവിലെ 19കാരനെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചു.
ഇയാൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഭാഗ്യം കൊണ്ടാണ് യുവാവ് വലിയ പരിക്കിൽനിന്ന് രക്ഷപ്പെട്ടത്. ഹോസ്റ്റലുകളിലും ക്വാർട്ടേഴ്സുകളിലും താമസിക്കുന്ന വിദ്യാർഥികൾ, ഡോക്ടർമാർ, ജീവനക്കാർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ധൈര്യമായി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. നായ്ക്കളുടെ ശല്യം മൂലം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
മെഡിക്കൽ കോളജ് കാമ്പസിലും സ്ഥിതി ഭിന്നമല്ല. സ്റ്റേഡിയത്തിനു സമീപത്തെ ലേഡീസ് ഹോസ്റ്റലിൽനിന്ന് കോളജിലേക്കുള്ള റോഡ്, കാൻറീൻ പരിസരം എന്നിവിടങ്ങളിലെല്ലാം നായ്ക്കളുടെ വിളയാട്ടമാണ്. നിരവധി തവണ ഗ്രാമപഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.