ബിസ്മില്ല: ഈ നാടിന്റെ ദാഹജലത്തിന്റെ പേര്..
text_fieldsപയ്യന്നൂർ: കാൽപന്തുകളിയുടെ ആവേശപ്പോരാട്ടത്തോടൊപ്പം കാരുണ്യത്തിന്റെ ജീവജലവുമായി പതിനാലാം വർഷവും ബിസ്മില്ല എട്ടിക്കുളം. കുടിവെള്ളം കിട്ടാതെ ദാഹിക്കുന്ന സഹജീവികൾക്ക് വെള്ളമെത്തിക്കുന്ന നന്മയുടെ ഈ ഗോൾവർഷത്തിന് കളിയേക്കാൾ ആവേശം.
രാമന്തളി പഞ്ചായത്തിൽ നാലോളം വാർഡുകളിലെ നൂറു കണക്കിന് കുടുംബങ്ങൾക്ക് 13 വർഷമായി ബിസ്മില്ല എട്ടിക്കുളം മുടങ്ങാതെ കുടിവെള്ളം നൽകുന്നുണ്ട്. ഒരു വർഷം ലക്ഷങ്ങളാണ് ഈ പുണ്യ പ്രവർത്തനത്തിന് ക്ലബ് മാറ്റിവെക്കുന്നത്.
ആദ്യകാലങ്ങളിൽ പിക് അപ് വാനും ടാങ്കും വാടകക്ക് എടുത്താണ് കുടിവെള്ളം വിതരണം ചെയ്തത്. എന്നാൽ, വർഷങ്ങൾക്കുമുമ്പ് ക്ലബ് സ്വന്തമായി എട്ട് ലക്ഷം രൂപ മുടക്കി ടാങ്കർ ലോറി വാങ്ങി. എട്ടിക്കുളത്തിന്റെ കടലോര മേഖലയിൽ എട്ടുലക്ഷം രൂപ ചെലവിൽ ആറു സെന്റ് സ്ഥലം വാങ്ങുകയും കിണറും പമ്പുഹൗസും നിർമിക്കുകയും ചെയ്തു. ഈ കിണറിൽ നിന്നുമാണ് വെള്ളം ടാങ്കർ ലോറിയിലേക്ക് പമ്പുചെയ്ത് വിതരണം ചെയ്യുന്നത്.
എട്ടിക്കുളത്തിന്റെയും പരിസര പ്രദേശങ്ങളിലെയും ഇടുങ്ങിയ വഴികളിലൂടെ കടന്നുപോകാൻ ചെറിയ ടാങ്കർ ലോറി കൂടി വാങ്ങിയിട്ടുണ്ട്. ഈ വർഷം കുടിനീരിന്റെ സ്നേഹ സാന്ത്വനത്തോടൊപ്പം റമദാന്റെ പുണ്യം കൂടിയുണ്ട് ഈ നാട്ടുനന്മക്ക്.
ഈ വർഷത്തെ കുടിവെള്ള വിതരണം ക്ലബ് പ്രസിഡന്റ് എൻ.എ.വി. അദ്നാന്റെ അധ്യക്ഷതയിൽ എട്ടിക്കുളം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എ.കെ. അബ്‌ദുൽ സലാം ഉദ്ഘാടനം ചെയ്തു.
രാമന്തളി പഞ്ചായത്തംഗം കെ. അബ്ദുൽ അസീസ്, ബിസ്മില്ല എട്ടിക്കുളത്തിന്റെ ജോ. സെക്രട്ടറി മുഹമ്മദ് സിനാൻ, വർക്കിങ് സെക്രട്ടറി എം.പി. മഹ്‌റൂഫ്, രക്ഷാധികാരി കെ.എ. ഇസ്മാഈൽ എന്നിവർ ചടങ്ങിൽ പങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.