16 വർഷമായി നാട്ടുനന്മയിലേക്ക് ഗോളടിച്ച് ബിസ്മില്ല
text_fieldsപയ്യന്നൂർ: മൈതാനത്ത് കളിയാവേശത്തിന്റെ മാസ്മരികതയിൽ മാത്രം യൗവ്വനത്തെ തളച്ചിടാതെ ഒരു ഫുട്ബോൾ ക്ലബ് സ്വന്തം നാടിന് ദാഹനീർ നൽകി ചരിത്രം രചിക്കുന്നു. ബിസ്മില്ല എട്ടിക്കുളമാണ് കളിയിടങ്ങളിൽ മികവു കാട്ടി ട്രോഫികൾ സ്വന്തമാക്കുന്നതോടൊപ്പം നാടിന്റെ ദാഹമകറ്റി വ്യതിരിക്തമാവുന്നത്. ബിസ്മില്ല എട്ടിക്കുളത്തിന്റെ കാരുണ്യത്തിന്റെ ജീവജല വിതരണം പതിനാറാം വർഷത്തിലേക്ക് കടക്കുകയാണ്.
സ്വന്തമായി സ്ഥലമെടുത്ത് കിണറും പമ്പുസെറ്റുമൊരുക്കി ടാങ്കർ ലോറികളും വാങ്ങിയാണ് രാമന്തളി ഗ്രാമപഞ്ചായത്തിലെ നിരവധി വാർഡുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്. വൻ സാമ്പത്തിക ബാധ്യത എന്ന കടുത്ത വെല്ലുവിളിയെ മറികടന്നാണ് ക്ലബ് പ്രവർത്തകർ എല്ലാ വർഷവും ഈ നാട്ടു നന്മയിലേക്ക് ഗോളടിക്കുന്നത്.
സ്വന്തമായി വാങ്ങിയ ടാങ്കർ ലോറി ഉപയോഗിച്ച് ക്ലബ് ഒരു ഗ്രാമത്തിന്റെ ദാഹം മാറ്റുന്നത് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. രാമന്തളി ഗ്രാമപഞ്ചായത്തിൽ നൂറു കണക്കിന് കുടുംബങ്ങൾക്ക് കഴിഞ്ഞ 15 വർഷക്കാലമായി ബിസ്മില്ല എട്ടിക്കുളം മുടങ്ങാതെ കുടിവെള്ളം നൽകിവരുന്നു. ഈ വേനൽ തീരുമ്പോൾ അത് 16 വർഷമാവുകയാണ്. പദ്ധതിക്കുള്ള ഭാരിച്ച ചെലവുകളും വഹിക്കുന്നത് ക്ലബ് തന്നെയാണ്.
ഒരോ വർഷവും ലക്ഷങ്ങളാണ് ഈ പുണ്യ പ്രവത്തനത്തിന് ചെലവു വരുന്നത്.ആദ്യ കാലങ്ങളിൽ പിക്അപ് വാനും ടാങ്കും വാടകയ്ക്കു എടുത്താണ് കുടിവെള്ളം വിതരണം ചെയ്തത്. എന്നാൽ, വാടക ഒഴിവാക്കാൻ ക്ലബ് സ്വന്തമായി വലിയ ടാങ്കർ ലോറി വാങ്ങി.
ഇതിന്റെ പ്രയോജനം കിട്ടുന്നത് മെയിൻ റോഡുകളുടെ സമീപത്തെ കുടുംബങ്ങൾക്കു മാത്രമായിരുന്നു. ഇടുങ്ങിയ റോഡരികിൽ താമസിക്കുന്ന കുടുംബങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ ക്ലബ് പ്രവർത്തകർ ഒരു മിനി കുടിവെള്ള ടാങ്കറും കൂടി വാങ്ങി പരിഹാരം കണ്ടു. ഇപ്പോൾ ഈ മിനി ടാങ്കറിലാണ് വിതരണം.
എട്ടിക്കുളത്തിന്റെ കടലോര മേഖലയിൽ എട്ടു ലക്ഷം രൂപ ചെലവിൽ ആറു സെന്റ് സ്ഥലം വാങ്ങുകയും അതിലൊരു വിശാലമായ കിണറും പമ്പ് ഹൗസും നിർമിച്ചു. ഈ കിണറിൽ നിന്നാണ് വിതരണത്തിനാവശ്യമായ വെള്ളമെടുത്തുവരുന്നത്. രാവിലെ ആറ് മണി മുതൽ ആരംഭിക്കുന്ന പ്രവൃത്തി ചിലപ്പോൾ രാത്രിവരെ നീളും. ദിവസവും 50,000 ലിറ്ററിനു മുകളിൽ വെള്ളം വിതരണം ചെയ്തു വരുന്നു.
ടി.കെ. ഷുക്കൂർ (പ്രസി.), കെ.എ. റഹീസ് (സെക്ര.), എം.പി. മഹ്റൂഫ് (ട്രഷ.) എന്നിവരാണ് നിലവിലെ ഭാരവാഹികൾ. ഈ വർഷത്തെ കുടിവെള്ള വിതരണം പ്രസിഡന്റ് ടി.കെ. ഷുക്കൂറിന്റെ അധ്യക്ഷതയിൽ രാമന്തളി ഗ്രാമപഞ്ചായത്ത് അംഗം പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.
ഹാഫിൽ വാഫി, സെക്രട്ടറി കെ.എ. റഈസ്, വൈസ് പ്രസിഡന്റ് എം. ഇസ്മാഈൽ, രക്ഷാധികാരി മുസ്തഫ ബാപ്പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.