പയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
text_fieldsപയ്യന്നൂർ: പയ്യന്നൂരിൽ പോളിങ് സ്റ്റേഷനുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റുമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. നഗരസഭയിലെ അന്നൂർ യു.പി സ്കൂളിലെ 84ാം നമ്പർ ബൂത്തിലും കാറമേൽ എ.എൽ.പി സ്കൂളിലെ 78ാം നമ്പർ ബൂത്തിലുമാണ് വെള്ളിയാഴ്ച ഉച്ചയോടെ സംഘർഷം അരങ്ങേറിയത്.
അന്നൂർ യു.പി സ്കൂളിലെ യു.ഡി.എഫ് ബൂത്ത് ഏജൻറുമാരായ നവനീത് നാരായണൻ (27), സി.കെ. വിനോദ് കുമാർ (50) എന്നിവർക്കാണ് മർദനമേറ്റത്. യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റാണ് നവനീത്. നാരായണൻ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റാണ്.
ബൂത്തിനകത്ത് ഏജന്റുമാർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അക്രമം. മുതിർന്ന സി.പി.എം നേതാക്കളെത്തിയാണ് രംഗം ശാന്തമാക്കിയത്. ഉച്ചക്ക് 12.30ഓടെ ഒരു സംഘം എൽ.ഡി.എഫ് പ്രവർത്തകർ ബൂത്തിൽക്കയറി അക്രമം നടത്തുകയായിരുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു.
അക്രമത്തിനുശേഷവും ഏജന്റുമാർ ബൂത്തിൽ തുടർന്നു. കാറമേൽ എ.എൽ.പി സ്കൂളിൽ ബൂത്ത് ഏജന്റ് വി.വി. രഞ്ജിത്തിനാണ് (42) ഒരു സംഘത്തിന്റെ മർദനമേറ്റത്. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണന്റെ മകനാണ് രഞ്ജിത്ത്. വിവരമറിഞ്ഞ് യു.ഡി.എഫ് കാസർകോട് മണ്ഡലം സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ ബൂത്തുകളിലെത്തി. കേസെടുക്കുമെന്ന ഉറപ്പിനുശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.
അതേസമയം പയ്യന്നൂർ കാറമേൽ യു.പി സ്കൂളിൽ തെരഞ്ഞെടുപ്പിനിടെ യു.ഡി.എഫ് പ്രവർത്തകർ സംഘം ചേർന്ന് ആക്രണമഴിച്ചുവിട്ടതായി എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ രണ്ട് എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. കെ.വി. ലാലു (39), ടി.വി. നിതുൽ (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കെ എൽ.ഡി.എഫ് ബൂത്ത് ഏജന്റിനെ ഒരു സംഘം യു.ഡി.എഫ് പ്രവർത്തകർ മർദിച്ചതായാണ് പരാതി. ഇത് ചോദ്യം ചെയ്ത പ്രവർത്തകരെയും ആക്രമിച്ചതായി പറയുന്നു. സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ സ്കൂൾ വളപ്പിൽ പ്രകോപനം സൃഷ്ടിച്ച് പ്രസംഗിച്ചതായും ഇതിനെതിരെ റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകിയതായും എൽ.ഡി.എഫ് അറിയിച്ചു.
25 എൽ.ഡി.എഫ് പ്രവർത്തകർക്ക് എതിരെ കേസ്
യു.ഡിഎഫ് ബൂത്ത് ഏജന്റിനെ മർദ്ദിച്ച സംഭവത്തിൽ എൽ.ഡി.എഫ് പ്രവർത്തകരായ 25 പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. കാറമേൽ എ.എൽ.പി.സ്കൂളിലെ 78-ാം നമ്പർ ബൂത്തിൽ ഏജന്റായിരുന്ന യു.ഡി.എഫ് പ്രവർത്തകൻ വെള്ളോറ വീട്ടിൽ രഞ്ജിത്തിന്റെ പരാതിയിലാണ് കേസെടുത്തത്.
വെള്ളൂർ സ്വദേശികളായ നിതുൽ നാരായണൻ, പ്രഭാകരൻ, സനൂപ്, ലാലു, മാവിച്ചേരി രവി, വിനോദ് എന്നിവർക്കും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന പതിനെട്ടോളം പേർക്കെതിരേയുമാണ് കേസെടുത്തത്. രഞ്ജിത്തിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഘർഷത്തിൽ എൽ.ഡി.എഫ് പ്രവർത്തകർക്ക് മർദനമേറ്റതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.