വ്യാപാരിയുടെ വീട്ടിലെ മോഷണം; പ്രതിയുടെ രേഖാചിത്രമായി
text_fieldsപയ്യന്നൂര്‍: പട്ടാപ്പകല്‍ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്നര ലക്ഷം കൊള്ളയടിച്ച സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയാറാക്കി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് രേഖാചിത്രം തയാറാക്കിയത്.
നഗരത്തില്‍ പഴയ മാര്‍ക്കറ്റിന് സമീപം അനാദികച്ചവടം നടത്തുന്ന അബ്ദുൽ സമദിന്റെ കൊറ്റി റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട് കുത്തിത്തുറന്നാണ് കഴിഞ്ഞ മാസം 21ന് പകൽ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. അബ്ദുൽ സമദ് കടയിലും ഭാര്യയും മകളും ബന്ധുവീട്ടിലും പോയിരുന്നു. സ്കൂള്‍ വിട്ടെത്തിയ പേരക്കുട്ടി വീടിനകത്ത് കറുത്ത ടീ ഷര്‍ട്ടും പാന്റും ധരിച്ചയാളെ കണ്ടിരുന്നുവത്രെ.
ബഹളം വെച്ച് ആളുകള്‍ കൂടുമ്പോഴേക്കും പിറകുവശത്തെ വാതിലിലൂടെ കള്ളന് രക്ഷപ്പെട്ടു. പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയതെന്നാണ് കരുതുന്നത്. അകത്ത് കയറി കിടപ്പുമുറിയിലെ അലമാര തകര്‍ത്താണ് പണം കവര്‍ന്നത്.
വിലപിടിപ്പുള്ള മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ വസിക്കുന്ന സ്ഥലമാണെങ്കിലും കള്ളന് മലയാളിയാണെന്നാണ് പൊലീസ് നിഗമനം. പയ്യന്നൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് കുട്ടിയുടെയും അയൽവാസികളുടെയും സഹായത്തോടെ ചിത്രം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.