എല്ലാ ആശുപത്രികളിലും കാഷ്വാലിറ്റി നവീകരിക്കും -മന്ത്രി വീണ
text_fieldsപയ്യന്നൂർ: അത്യാസന്നരായി ആശുപത്രികളിൽ എത്തുന്നവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ സൂപ്പർ സ്പെഷാലിറ്റി ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി വീണ ജോർജ്.
ഇതിനായി രോഗികളുടെ കൈയിൽ റെഡ് ടൈം സ്റ്റിക്കർ പതിക്കും. ഈ അടയാളമുണ്ടായാൽ ഏതു വകുപ്പിലും തടസ്സമില്ലാതെ എത്തിക്കാനാവും. മനുഷ്യജീവൻ നഷ്ടപ്പെടുന്നത് തടയുക എന്നത് ആശുപത്രികളുടെ ബാധ്യതയാണ്. സർക്കാർ ആശുപത്രികളിൽ വിവിധ സ്പെഷാലിറ്റി വിഭാഗം ആരംഭിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രഫി യൂനിറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എം.വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, ജോയൻറ് ഡി.എം.ഇ (മെഡിക്കൽ) ഡോ. തോമസ് മാത്യു, ഡോ. അനിൽ കുമാർ, പ്രിൻസിപ്പൽ ഡോ. കെ.അജയകുമാർ, സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ പങ്കെടുത്തു.
ജീവനക്കാരുടെ പരാതി കേട്ട്, രോഗികളെ നേരിട്ടുകണ്ട് മന്ത്രി
പയ്യന്നൂർ: നവീകരണ പ്രവർത്തന ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണ ജോർജ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചെലവഴിച്ചത് രണ്ടു മണിക്കൂർ. ആശുപത്രിയിലും കോളജിലും ഉദ്യോഗസ്ഥരെയും രോഗികളെയും സന്ദർശിച്ചാണ് മന്ത്രി മടങ്ങിയത്.
ഇതിനിടയിൽ മന്ത്രിക്കുമുന്നിൽ പലരും പരാതിയുടെ കെട്ടഴിച്ചു. മരുന്ന് കിട്ടാനില്ലെന്ന പരാതിയാണ് പലരും ഉന്നയിച്ചത്. റേഡിയേഷന്‍ യൂനിറ്റിന്റെ ഉദ്ഘാടനത്തിനുശേഷം കാഷ്വാലിറ്റി സന്ദര്‍ശിച്ച മന്ത്രി, മരുന്നില്ലെന്ന പരാതിയെക്കുറിച്ച് പ്രിൻസിപ്പലിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ചോദിച്ചു. എന്നാൽ, മരുന്ന് സ്റ്റോക്കുണ്ടെന്നും സ്റ്റോർ കീപ്പർ ഇല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അപ്പോഴാണ് പല ഡോക്ടർമാരും ബ്രാൻഡ് മരുന്നുകളാണ് എഴുതുന്നതെന്ന വിവരം പുറത്തുവന്നത്. പരമാവധി ജനറിക് മരുന്നുകള്‍ മാത്രം രോഗികള്‍ക്ക് കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാരോട് നിർദേശിക്കാൻ മന്ത്രി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച മരുന്നുകളുടെ ജനറിക് പേരുകള്‍ക്കുപകരം ബ്രാൻഡഡ് മരുന്നുകള്‍ എഴുതുന്നത് കാരണം രോഗികള്‍ക്ക് ഫാര്‍മസിയില്‍നിന്ന് മരുന്നുകിട്ടാത്ത അവസ്ഥയാണെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു.
കാഷ്വാലിറ്റിയില്‍ 24 മണിക്കൂറും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താനും മന്ത്രി നിർദേശം നല്‍കി. കാഷ്വാലിറ്റി രജിസ്റ്ററുകള്‍ പരിശോധിച്ച മന്ത്രി, ജീവനക്കാരും ഡോക്ടര്‍മാരും ഉന്നയിച്ച പരാതികള്‍ സശ്രദ്ധം കേള്‍ക്കുകയും ചെയ്തു. നേരത്തെ കോളജിൽ വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തിലും മന്ത്രി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.