ഈ പൂക്കൾ സഹജീവി സ്നേഹത്തിന്റെ സൗന്ദര്യം
text_fieldsപയ്യന്നൂർ: മലയോരത്തിന്റെ കവാട പട്ടണമായ മാതമംഗലത്തെ കൂട്ടായ്മ നിറം കൊണ്ടെഴുതിയ കാരുണ്യ സ്പർശം ഓണക്കാലത്ത് നാട്ടിൽ ചർച്ചയാകുന്നു. ഇവിടത്തുകാർ പൂക്കളമൊരുക്കുന്നത് കൂട്ടായ്മയൊരുക്കിയ ചെണ്ടുമല്ലിപ്പൂവുകൾ കൊണ്ടാണ്. ഓണസദ്യക്കുള്ള പച്ചക്കറിയാകട്ടെ ഇവർതന്നെ കൃഷിയിറക്കിയതാണ്.
ലാഭത്തിനു വേണ്ടിയല്ല, പച്ചക്കറി കൃഷിയും പൂകൃഷിയും. സഹജീവികളുടെ കണ്ണീരൊപ്പാനാണ് എന്നതാണ് ഇതിനെ പുണ്യപ്രവൃത്തികൂടിയാക്കുന്നത്. പൂവിന്റെ ആവശ്യക്കാരെത്തിയാൽ അവർക്കു വേണ്ടത് എടുക്കാം. പണം നൽകണമെന്ന് തോന്നിയാൽ കൃഷിയിടത്തിലൊരുക്കിയ സ്ഥലത്ത് നിക്ഷേപിക്കാം. കണക്കു പറഞ്ഞ് കാശ് വാങ്ങാറില്ല. പച്ചക്കറിയും ഇങ്ങനെയാണ് വിൽക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് എന്നതാണ് പൂകൃഷിയുടെ സൗന്ദര്യത്തിനും പച്ചക്കറി കൃഷിയുടെ ഹരിതവർണത്തിനും മാറ്റുകൂട്ടുന്നത്.
കൈതപ്രം സ്വദേശിയും മാതമംഗലത്തെ പച്ചക്കറി വ്യാപാരിയുമായ രമേശൻ ഹരിതയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ മാതമംഗലം പേരൂൽ റോഡരികിൽ വില്ലേജ് ഓഫിസിന് സമീപം നാല് ഏക്കറിലാണ് പൂ കൃഷിയും പച്ചക്കറി കൃഷിയും നടത്തിയത്. മൺസൂൺ ഒളിച്ചു നടന്ന കാലാവസ്ഥ വ്യതിയാനത്തിലും നല്ല വിളവാണ് ലഭിച്ചതെന്ന് രമേശൻ പറയുന്നു. 2019 മുതൽ രോഗികളും ഭിന്നശേഷിക്കാരുമായ ഏഴു കുടുംബങ്ങൾക്ക് പ്രതിമാസം നിശ്ചിത തുക മരുന്നിനും മറ്റുമായി കൂട്ടായ്മ നൽകുന്നുണ്ട്.
എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് പൂ കൃഷി. മഴയുടെ അഭാവം കാരണം വെള്ളം പമ്പു ചെയ്യേണ്ടിവന്നു. ജൈവവളവും നൽകി. എരമം കുറ്റൂർ, പെരിങ്ങോം വയക്കര, കാങ്കോൽ ആലപ്പടമ്പ്, ചെറുപുഴ പഞ്ചായത്തുകളിലെ രോഗികൾക്കും വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും ഇവരുടെ സഹായം ലഭിച്ചു വരുന്നു. ഭിന്നശേഷിക്കാരുടെ അഭയ കേന്ദ്രങ്ങളിലേക്കും കൂട്ടായ്മയുടെ കാരുണ്യഹസ്തം കടന്നു ചെല്ലുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.