കസ്റ്റഡി ഒഴിയാതെ ‘ചിയോതികാവ്’ പൊലീസ് സ്റ്റേഷൻ
text_fieldsപയ്യന്നൂർ: പരിയാരത്ത് വന്നാൽ കാണാം ഇന്ത്യയിൽ ഇല്ലാത്ത പൊലീസ് സ്റ്റേഷൻ. സിനിമക്ക് വേണ്ടി കഥാകാരൻ ഭാവനയിൽ സൃഷ്ടിച്ച പൊലീസ് സ്റ്റേഷൻ ബോർഡ് മാറ്റാത്ത നടപടിയാണ് ചർച്ചയാവുന്നത്. ചലച്ചിത്രത്തിന് വേണ്ടി വിട്ടുനൽകിയ പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലെ ബോർഡാണ് മാറ്റാതെ കിടക്കുന്നത്. ചിയോതികാവ് പൊലീസ് സ്‌റ്റേഷന്‍ എന്നാണ് സ്റ്റേഷന് സിനിമക്കാർ നൽകിയ പേര്.
പരിയാരം മെഡിക്കല്‍ കോളജിന് സമീപം ഇങ്ങനെയൊരു പൊലീസ് സ്‌റ്റേഷൻ കണ്ട് പലരും നാട്ടുകാരോട് ചോദിക്കുകയും ചെയ്യുന്നു. പഴയ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനാണ് ചിയോതികാവ് പൊലീസ് സ്‌റ്റേഷനായി സിനിമക്കാർ മാറ്റിയത്. സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് താല്‍കാലികമാറ്റം. എന്നാല്‍ ഷൂട്ടിങ് കഴിഞ്ഞ് മാസങ്ങളായിട്ടും അതിനായി ഒരുക്കിയ വലിയ ബോര്‍ഡ് നീക്കം ചെയ്യുകയോ പെയിന്റടിച്ച് പേര് മായ്ക്കുകയോ ചെയ്തിട്ടില്ല.
മെഡിക്കല്‍ കോളജ് പരിസരത്ത് ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവരെ ഈ ബോര്‍ഡും പൊലീസ് സ്‌റ്റേഷനും ഏറെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. നേരത്തേ ദീര്‍ഘകാലം പൊലീസ് സ്‌റ്റേഷനായതിനാലും റോഡിന് സമീപമായതിനാലും യഥാർഥ പൊലീസ് സ്‌റ്റേഷനാണെന്ന് കരുതാൻ കാരണമാവുന്നുമുണ്ട്. നാലോളം സിനിമകളാണ് ഈ പൊലീസ് സ്‌റ്റേഷനില്‍ ഷൂട്ട് ചെയ്തിട്ടുള്ളത്. നേരത്തേ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഷൂട്ടിങ്ങിന് നല്‍കിയത് വിവാദമാകുകയും ചെയ്തിരുന്നു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ ഭാഗമായതിനാല്‍ ആശുപത്രി വികസനസമിതിയാണ് ഇത് ഷൂട്ടിങ്ങിനായി നല്‍കുന്നത്. വൻ തുക വാടക ഈടാക്കിയാണ് പൊലീസ് സ്‌റ്റേഷന്‍ ഷൂട്ടിങ്ങിന് നല്‍കിവരുന്നത്. നേരത്തേ പരിയാരം ടി.ബി സാനിറ്റോറിയത്തിന്റെ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സായിരുന്നു ഈ കെട്ടിടം. മെഡിക്കല്‍ കോളജ് കാന്റീനും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 80 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം സംരക്ഷിത സ്മാരകമാക്കി മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.