മാതമംഗലത്ത് വീണ്ടും സംഘർഷം; ലീഗ്, സി.ഐ.ടി.യു പ്രവർത്തകർക്ക് പരിക്ക്
text_fieldsപയ്യന്നൂർ: മാതമംഗലം ബസാറിൽ സി.ഐ.ടി.യു, മുസ്ലിംലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. വ്യാഴാഴ്ച യൂത്ത് ലീഗ് പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷം അരങ്ങേറിയത്.
ബുധനാഴ്ച പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ് അഫ്സലിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ മണ്ഡലം യുത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് മടങ്ങിയ പ്രവർത്തകരെ സി.ഐ.ടി.യു പ്രവർത്തകർ മാരകായുധങ്ങളുമായി പതിയിരുന്ന് ആക്രമിച്ചതായി മുസ്ലിംലീഗ് ആരോപിച്ചു.
ആക്രമണത്തിൽ പരിയാരം പഞ്ചായത്ത് മെംബറും പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റുമായ പി.വി. അബ്ദുൽ ശുക്കൂർ, അലി കാടത്തറ എന്നിവർക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവർത്തകർ സംയമനം പാലിച്ചതുകൊണ്ടു മാത്രമാണ് പ്രശ്നങ്ങൾ ഒഴിവായതെന്നും പയ്യന്നൂർ ഡിവൈ.എസ്.പി ഇ.കെ. പ്രേമചന്ദ്രൻ, പെരിങ്ങോം സ്റ്റേഷൻ ഹൗസ് ഓഫിസർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ വൻപൊലീസ് സംഘം നോക്കിനിൽക്കെയാണ് അക്രമം നടന്നതെന്ന് യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.
അതേസമയം, ലീഗ് പ്രവർത്തകർ പ്രകടനാനന്തരം ചുമട്ടുതൊഴിലാളികളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതായി സി.ഐ.ടി.യു പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ചുമട്ടുതൊഴിലാളി പി. സുധേശനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതമംഗലത്ത് ചുമട്ടുതൊഴിലാളികളുടെ സമരത്തിനെതിരെയുള്ള കലാപനീക്കം അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു പെരിങ്ങോം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തൊഴിൽ സുരക്ഷിതത്വത്തിനായി 40 ദിവസത്തിലേറെയായി ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ മാതമംഗലത്ത് നടന്നുവരുന്ന സത്യഗ്രഹ സമരത്തെ ജില്ലയുടെ വിവിധ ഭാഗത്തുള്ള ലീഗ് പ്രവർത്തകരെ രംഗത്തിറക്കി തകർക്കാനാണ് നീക്കം നടക്കുന്നത്.
യൂത്ത് ലീഗ് നേതാക്കൾ പലതരത്തിലുള്ള കുപ്രചാരണങ്ങളാണ് സമരത്തിനെതിരെ നടത്തുന്നത്. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച മാതമംഗലം ടൗണിൽ കോവിഡ് നിയന്ത്രണങ്ങൾ മുഴുവൻ കാറ്റിൽ പറത്തിയുള്ള പ്രകടനവും അക്രമവുമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.