പുഴയും കായലും കടലും കീഴടക്കി; അഗ്നിരക്ഷാസേനക്ക് 30 പേര്‍കൂടി
text_fieldsപയ്യന്നൂര്‍: പുഴയിലും കായലിലും കടലിലും ആയാസരഹിതമായ നീന്തലിലൂടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ 30 പേര്‍കൂടി സജ്ജമായി. നീന്തലിലേയും നീന്തല്‍ പരിശീലനത്തിലേയും ലോക റെക്കോഡ് ജേതാവായ ചാള്‍സണ്‍ ഏഴിമലയും കേരള പൊലീസ് കോസ്റ്റല്‍ വാര്‍ഡനായ മകന്‍ വില്യംസ് ചാള്‍സണുമാണ് ആര്‍ത്തലക്കുന്ന തിരമാലകളിലും രക്ഷാപ്രവര്‍ത്തനം നടത്താനായി ഇവരെ പരിശീലിപ്പിച്ചത്.
രണ്ടാഴ്ചമുമ്പ് അഗ്നിരക്ഷാ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളൻറിയേഴ്‌സുമുള്‍പ്പെടുന്ന 20 പേരടങ്ങുന്ന സംഘത്തിന് പരിശീലനം നല്‍കിയിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരുമായ നൂറുപേര്‍ക്കും സേവനസന്നദ്ധരായ സംഘടന, ആരോഗ്യപ്രവര്‍ത്തകരായ നൂറുപേര്‍ക്കുമുള്‍പ്പെടെ ഇരുനൂറുപേര്‍ക്ക് സൗജന്യ പരിശീലനം നല്‍കാനുള്ള ദൗത്യമാണ് ആരും ആവശ്യപ്പെടാതെ തന്നെ ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി നടപ്പാക്കുന്നത്.
ഇത്തരത്തിലുള്ള പരിശീലനം ലഭിക്കുന്നതിലുള്ള സന്തോഷം അഗ്നിരക്ഷാസേനാംഗങ്ങളും മറച്ചുവെക്കുന്നില്ല. ഒരു സംഘത്തിന് 10 ദിവസത്തെ പരിശീലനമാണ് പുഴയിലും കായലിലും കടലിലുമായി നല്‍കുന്നത്. ഇതിന്റെ രണ്ടാംഘട്ട പരിശീലനമാണ് വിസ്തൃതമായ കവ്വായിക്കായലില്‍ നല്‍കിയത്. പയ്യന്നൂര്‍, തളിപ്പറമ്പ് ഫയര്‍ സ്‌റ്റേഷനിലെ മുപ്പതോളം പേരാണ് ഇതില്‍ പങ്കെടുത്ത് നാലു കിലോമീറ്ററോളം നീന്തിയത്.
പയ്യന്നൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ടി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജല അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ആത്മവിശ്വാസമാണ് സേനാംഗങ്ങള്‍ക്ക് കൈവരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. കിലോമീറ്ററുകളോളം നീന്താനും വേണ്ടിവന്നാല്‍ ജലോപരിതലത്തില്‍ വിശ്രമിക്കാനുമുള്ള പരിശീലനം സേനാംഗങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് ഫയര്‍ സ്‌റ്റേഷനിലെ സി.പി. രാജേഷ്, അജിത്ത് കീഴറ, ചാള്‍സണ്‍ ഏഴിമല, തളിപ്പറമ്പ് സിവില്‍ ഡിഫന്‍സ് വനിതാ വളന്റിയര്‍മാരായ ബിനീത, റീന തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലയിലെ അഗ്നിരക്ഷാസേനാംഗങ്ങളെ ജല അപകടങ്ങളിലും പ്രളയരംഗത്തും മികച്ച രക്ഷകരാക്കി മാറ്റാനുള്ള ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്ന് ചാള്‍സണ്‍ പറഞ്ഞു.
രണ്ടാം ഘട്ടത്തിന്റെ അവസാനപരിശീലനം പയ്യാമ്പലം കടലില്‍ ചൊവ്വാഴ്ച രാവിലെ ആറിന് നടക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.