പയ്യന്നൂരിലെ കോടതി സമുച്ചയ നിർമാണം ഇഴയുന്നു
text_fieldsപയ്യന്നൂർ: പയ്യന്നൂരിൽ പുതുതായി നിർമിക്കുന്ന കോടതി സമുച്ചയത്തിന്റെ പ്രവൃത്തി ഇഴയുന്നു. ശിലയിട്ട് രണ്ടേകാൽ വർഷം പിന്നിടുമ്പോഴും തൂണുകൾപോലും പൂർത്തിയായില്ല. ഉടൻ പണി പൂർത്തിയാക്കുമെന്ന വാഗ്ദാനമാണ് ജലരേഖയായത്.
ഫെബ്രുവരി രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചത്. ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് മുഖ്യാതിഥിയായ ചടങ്ങിൽ, നിശ്ചിത സമയത്തിനുള്ളിൽ കോടതി കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും ആ ഉറപ്പ് യാഥാർഥ്യമായില്ല.
ഒരു കെട്ടിടം; മൂന്നു കോടതികൾ
ഒരുകോടതി പ്രവർത്തിക്കാൻ സൗകര്യമുള്ള സബ് കോടതി കെട്ടിടത്തിലാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും മുൻസിഫ് കോടതിയും പ്രവർത്തിക്കുന്നത്. ഇതിനുപുറമെ കുടുംബകോടതി സിറ്റിങ്ങും ഇവിടെ നടക്കുന്നു. അഭിഭാഷകർ, കോടതി ജീവനക്കാർ, ക്ലർക്കുമാർ, കക്ഷികൾ തുടങ്ങി നൂറുകണക്കിന് ആളുകളെക്കൊണ്ട് വീർപ്പുമുട്ടുകയാണ് കോടതി കെട്ടിടം.
ഇത്രയുംപേർ എത്തുന്ന കെട്ടിടത്തിൽ ഒരു പൊതുശുചിമുറി മാത്രമാണുള്ളത്. നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണ് മൂന്ന് കോടതികളും. മുൻസിഫ് കോടതി പൊളിച്ചതോടെയാണ് ഈ കോടതിയുടെ പ്രവർത്തനം കൂടി സബ് കോടതി കെട്ടിടത്തിലേക്ക് മാറ്റിയത്. മഴ കനത്തതോടെ, അപകട നിലയിലായ കെട്ടിടത്തിൽ പ്രവർത്തിച്ച ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കൂടി ഈ കെട്ടിടത്തിലേക്ക് മാറ്റി.
ഉയരുന്നത് ബഹുനില കോടതി സമുച്ചയം
പഴയ മുൻസിഫ‌് കോടതി കെട്ടിടം പൊളിച്ചുമാറ്റി 14 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ ആറ‌് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത‌്. 4555 സ‌്ക്വയർ ഫീറ്റിൽ നിർമിക്കുന്ന കെട്ടിടത്തിൽ മജിസ‌്ട്രേറ്റ‌് കോടതി, മുൻസിഫ‌് കോടതി എന്നിവക്കുപുറമെ ഒരു അഡീഷനൽ ജില്ല കോടതിക്കുകൂടി സ്ഥലം നീക്കിവെച്ചിട്ടുണ്ട‌്. വാഹന പാർക്കിങ്ങും കാന്റീൻ സൗകര്യങ്ങളും ഒരുക്കും.
ആദ്യനിലയിൽ ബാർ അസോസിയേഷൻ ഹാൾ, ലേഡി അഡ്വക്കറ്റ‌് റൂം, അഡ്വക്കറ്റ‌് ക്ലർക്ക‌് റൂം, ലീഗൽ സർവിസ‌് അതോറിറ്റിയുടെ നിയമസഹായ കേന്ദ്രം, മീഡിയേഷൻ റൂമുകൾ, ജുഡീഷ്യൽ എൻക്വയറി ഓഫിസ‌്, കോടതിയിൽ എത്തുന്ന പൊലീസ‌് ഓഫിസർമാർക്ക‌് വസ‌്ത്രം മാറുന്നതിനുള്ള റൂം, കക്ഷികൾക്കുള്ള വിശ്രമ കേന്ദ്രം, പൊതുശൗചാലയം എന്നിവയും ഉണ്ടാകും.
ഒന്നാം നിലയിൽ മജിസ‌്ട്രേറ്റ‌് കോടതിയും രണ്ടാം നിലയിൽ മുൻസിഫ‌് കോടതിയും പ്രവർത്തിക്കും. എല്ലാ കോടതികളിലും കോർട്ട‌് ഹാളിനോടുചേർന്ന‌് 200 പേർക്ക‌് ഇരിക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസ‌് ഹാളും ഉണ്ടാവും. കേന്ദ്ര, സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട സമുച്ചയം നിർമിക്കുന്നത്. എന്നാൽ, ഇത് അനിശ്ചിതമായി നീളുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.