സി.പി.എം സമ്മേളനം: കുഞ്ഞിമംഗലത്ത് ഔദ്യോഗിക സ്ഥാനാർഥിക്ക് പരാജയം
text_fieldsപയ്യന്നൂർ: ജില്ലയിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളിലൊന്നായ കുഞ്ഞിമംഗലത്ത് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം. എടാട്ട് യു.പി സ്കൂളിലെ സി.വി. ദാമോദരൻ നഗറിൽ നടന്ന കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. മത്സരത്തിൽ ഔദ്യോഗിക സ്ഥാനാർഥി പരാജയപ്പെട്ടു. 15 അംഗ ലോക്കൽ കമ്മിറ്റിയെ ആദ്യം തെരഞ്ഞെടുത്തു. ഇവരിൽനിന്ന് നിലവിലുള്ള സെക്രട്ടറി വിജയൻ അടുക്കാനെയാണ് മേൽക്കമ്മിറ്റി സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. ഈ നിർദേശം മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാൽ, ഇത് അംഗീകരിക്കാൻ ഒരുവിഭാഗം തയാറായില്ല.
ലോക്കൽ കമ്മിറ്റിയിലെ മറ്റൊരംഗമായ എം. പത്മനാഭനെ സെക്രട്ടറിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതോടെ നേതൃത്വം മത്സരത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ആറിനെതിരെ എട്ട് വോട്ടുകൾക്ക് ഒൗദ്യോഗിക സ്ഥാനാർഥിയെ പരാജപ്പെടുത്തി വിമത വിഭാഗം നിർദേശിച്ച പത്മനാഭൻ ജയിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗമുൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം നടന്നത്. മാടായി ഏരിയക്കുകീഴിൽ ശക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളിൽ ഒന്നാണ് കുഞ്ഞിമംഗലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.