സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ പരിയാരം മെഡിക്കൽ കോളജിനെതിരെ രൂക്ഷവിമർശം
text_fieldsപയ്യന്നൂർ: ചൊവ്വാഴ്ച സമാപിച്ച സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിെൻറ പ്രവർത്തനത്തിനെതിരെ രൂക്ഷവിമർശം. കോളജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു സമീപ ലോക്കലുകളിലെ സമ്മേളനങ്ങളിലാണ് കോളജിെൻറ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചത്. ചില ബ്രാഞ്ചുകളിൽ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും കോളജിനെതിരെ ആഞ്ഞടിച്ചു. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലാണ് മെഡിക്കൽ കോളജുള്ളത്.
കടന്നപ്പള്ളിയിലെ രണ്ട് ലോക്കൽ പരിധിയിലെ സമ്മേളനങ്ങളിലും പ്രധാന ചർച്ച കോളജായിരുന്നു. പാണപ്പുഴ, ചെറുതാഴം, പരിയാരം ലോക്കലുകളിലും സമാന വിമർശങ്ങൾ ഉണ്ടായതായാണ് വിവരം. പലരും സ്ഥാപനത്തിലെത്തിയപ്പോഴുണ്ടായ അനുഭവങ്ങളാണ് മേൽകമ്മിറ്റി അംഗങ്ങൾ മുമ്പാകെ അവതരിപ്പിച്ചത്. ഇങ്ങനെയൊരു ആതുരാലയം ആവശ്യമുണ്ടോ എന്ന ചോദ്യംവരെ ഉയർന്നു. മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന പാർട്ടി ബന്ധുക്കളും വിമർശനത്തിൽനിന്ന് മുക്തരായിരുന്നില്ല. അംഗങ്ങൾ സമ്മേളനത്തിൽ ശക്തമായി പ്രതികരിച്ചതോടെ പാർട്ടി നേതൃത്വം വിഷയത്തിൽ ഇടപെടാനാണ് സൂചന. പ്രശ്നങ്ങൾ സർക്കാറിെൻറയും വകുപ്പു മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തുമെന്ന് നേതാക്കൾ ഉറപ്പു നൽകിയതായാണ് വിവരം.
അതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് വൻവിമർശമുയരുന്നുണ്ട്. ഇതിെൻറ പ്രതിഫലനമാണ് സമ്മേളനങ്ങളിൽ ഉണ്ടായതെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ. കോടികൾ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുമ്പോഴും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. സർക്കാർ പ്രഖ്യാപിച്ച ട്രോമാകെയർ ഉൾപ്പെടെ ഏഴു മാസമായി ഫയലിൽ വിശ്രമിക്കുകയാണ്.
സർക്കാർ ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാത്തതിനാൽ ഫണ്ടുകൾ ലാപ്സാവുന്നു. എം.വി. രാഘവെൻറ കീഴിൽ ഉണ്ടായിരുന്നപ്പോൾ സ്ഥാപിച്ച കെട്ടിടത്തിെൻറ അറ്റകുറ്റപ്പണി നടത്താനുള്ള തീരുമാനവും നടപ്പായില്ല. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ ചികിത്സ കേന്ദ്രമായിരുന്നു സഹകരണ ഹൃദയാലയ. സർക്കാർ വരുതിയിലായതോടെ ഹൃദയാലയയും ചികിത്സ തേടുകയാണ്. ഇത് പരിഹരിക്കാനുള്ള നടപടി അനിവാര്യമാണെന്ന ആവശ്യമാണ് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ ഉയർത്തിയത്. ഇനി നടക്കാനിരിക്കുന്ന ലോക്കൽ, ഏരിയ സമ്മേളനങ്ങളിലും ഇതിെൻറ തുടർച്ച നേതൃത്വം പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.