സി.വി.ആർ: വക്കീൽ ക്ലർക്കിൽനിന്ന് ഉയർന്ന നിയമജ്ഞൻ
text_fieldsപയ്യന്നൂർ: അഭിഭാഷകനായി 37 വർഷത്തെ സേവനം പൂർത്തിയാക്കുക എന്നത് വലിയ കാര്യമല്ല. എന്നാൽ അഭിഭാഷക ഗുമസ്തനായി ജോലിയിൽ പ്രവേശിച്ച് പയ്യന്നൂർ ബാറിലെ പേരും പെരുമയുമുള്ള അഭിഭാഷകനായി 37 വർഷം പിന്നിട്ടു എന്നതാണ് തിങ്കളാഴ്ച മരണപ്പെട്ട സി.വി. രാമകൃഷ്ണൻ എന്ന സാധാരണക്കാരുടെ വക്കീലിനെ വേറിട്ട് നിർത്തുന്നത്. പയ്യന്നൂർ ബാറിലെ പ്രശസ്ത സിവിൽ അഭിഭാഷകനാണ് അന്നൂരിലെ സി.വി. രാമകൃഷ്ണൻ. 1987 ജനവരി 28നാണ് പയ്യന്നൂരിൽ ആദ്യമായി ഒരു അഭിഭാഷക ഗുമസ്തൻ അഭിഭാഷകന്റെ ഗൗണണിയുന്നത്. 1963 - 64 കാലഘട്ടത്തിൽ എസ്.എസ്.എൽ.സി വിദ്യാഭ്യാസം പൂർത്തിയാക്കാനാവാതെ മറ്റ് ജോലികൾ ചെയ്യാൻ നിർബന്ധിക്കപ്പെട്ടയാളാണ് വിധിയെ മറികടന്ന് ജീവിതവിജയം നേടിയത്. അഡ്വ. കെ.എസ്. ഉമാമഹേശ്വരയ്യരുടെ ഗുമസ്തനായിരുന്ന കെ.സി. കൃഷ്ണൻ നമ്പ്യാരുടെ സഹായിയായിട്ടായിരുന്നു രാമകൃഷ്ണന്റെ തുടക്കം. മജിസ്ട്രേറ്റ്കോടതിയിലെ ക്ലർക്കായിരുന്ന കണ്ണൂരിലെ സി. കൃഷ്ണനും എക്സൈസ് ഓഫിസറായി വിരമിച്ച മാതമംഗലത്തെ നാരായണനും കൂടെ ഉണ്ടായിരുന്നു.
ബംഗളൂരു എസ്.എൽ.എസ്.ആർ.സി. കോളജ് ഓഫ് ലോ എന്ന സ്ഥാപനത്തിൽ എൽ എൽ.ബി കോഴ്സിന് അഡ്മിഷൻ നേടി. കോളജിൽ ചേർന്ന ശേഷം പ്രിൻസിപ്പലിനെ കണ്ട് ജോലിവിട്ട് പഠനം മാത്രമാക്കാൻ സാധിക്കുന്ന സാഹചര്യമല്ല തനിക്ക് ഉള്ളതെന്ന് ബോധ്യപ്പെടുത്തി. പ്രിൻസിപ്പൽ അനുവാദം നൽകി. കൃത്യമായ ഇടവേളകളിൽ കോളജിൽ ഹാജരാകണമെന്ന നിബന്ധനയും. ബാഗളൂരു ബാർ കൗൺസിലിൽ നിന്ന് തന്നെ എൻറോൾ ചെയ്ത് 1987 ജനവരി 28 നാണ് അഭിഭാഷകനായി മാറിയത്. പയ്യന്നൂരിൽ സബ് കോടതി സ്ഥാപിക്കുന്ന പ്രവർത്തനത്തിലും മജിസ്ട്രേട്ട് കോടതി സ്ഥാപിക്കുന്ന കാര്യത്തിലും സജീവമായി ഇടപെടാൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൾ പയ്യന്നൂർ മുൻസിഫ് കോടതി വളപ്പിൽ ഉയരുന്ന കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി നിർമാണ പ്രവൃത്തി ആരംഭിക്കാൻ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.