പൂരക്കളി കലാകാരനെ വിലക്കാനുള്ള തീരുമാനം അപരിഷ്കൃതം -ഡി.വൈ.എഫ്.ഐ
text_fieldsപയ്യന്നൂർ: മകൻ ഇതരമതസ്ഥയെ വിവാഹം ചെയ്തതിന്റെ പേരിൽ കുണിയൻപറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി നേരത്തെ നിശ്ചയിച്ച പൂരക്കളി കലാകാരന് അവസരം നിഷേധിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ലജ്ജാകരമാണെന്ന് ഡി.വൈ.എഫ്.ഐ.
മനുഷ്യരെ അജ്ഞതയുടെ കൂരിരുട്ടില്‍നിന്ന് അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അനുഭവമാണ് ഈ നാടിനുള്ളത്. കുടുംബത്തിലൊരാൾ മതേതരമായ നിലപാട് സ്വീകരിച്ചതിനാൽ പണിക്കർ സ്ഥാനത്തുനിന്ന് നീക്കി കലാകാരനെ ബഹിഷ്കരിക്കുന്നതിന് ഏത് ക്ഷേത്രാധികാരികൾ മുന്നോട്ടുവരുന്നതും അപകടമാണ്.
നാടിനെ ഇരുണ്ടകാലത്തേക്ക് തിരികെ വലിക്കാനുള്ള ഏത് അപരിഷ്കൃത കാഴ്ചപ്പാടുകളെയും പൊതുസമൂഹം ചെറുത്തുതോൽപിക്കണം. അനാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും തടവറയിൽനിന്ന് നാടിനെ മോചിപ്പിച്ച, നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം നടന്ന മണ്ണിൽ, കാലത്തെ പിറകോട്ടടിപ്പിക്കാനുള്ള ഹീനശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കുമെന്നും ബന്ധപ്പെട്ട ക്ഷേത്ര കമ്മിറ്റി വിഷയം പുനഃപരിശോധിച്ച് അടിയന്തരമായി ആവശ്യമായ മാറ്റം വരുത്തണമെന്നും ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
വിലക്കിനെതിരെ യുവജന ജാഗ്രത
കരിവെള്ളൂർ: പൂരക്കളി പണിക്കർക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ യുവജന ജാഗ്രത നടത്തി. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ഓണക്കുന്നിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി. അനീഷ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സരിൻ ശശി, ജില്ല പ്രസിഡന്റ് മനു തോമസ്, സെക്രട്ടറി എം. ഷാജർ, വൈസ് പ്രസിഡന്റ് എ.വി. രഞ്ജിത്ത്, പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ജില്ല പ്രസിഡന്റ് സി.എം. വിനയചന്ദ്രൻ, ജിനേഷ് കുമാർ എരമം, എതിർദിശ പത്രാധിപർ പി.കെ. സുരേഷ് കുമാർ, കെ.വി. പ്രശാന്ത് കുമാർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.കെ. നിഷാദ്, ട്രഷറർ സി.വി. രഹിനേജ്, ജി. ലിജിത്ത് എന്നിവർ സംസാരിച്ചു.
എ.ഐ.വൈ.എഫ് നേതാക്കൾ പണിക്കരെ സന്ദർശിച്ചു
പയ്യന്നൂർ: ക്ഷേത്ര കമ്മിറ്റി തീരുമാനം അപരിഷ്ക്രിതവും മതേതര സമൂഹത്തിന് അപകടകരവുമാണെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. നേതാക്കൾ, ക്ഷേത്ര കമ്മിറ്റി വിലക്കേർപ്പെടുത്തിയ വിനോദ് പണിക്കരെ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ജില്ല പ്രസിഡന്റ് കെ.ആർ. ചന്ദ്രകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രജിത, ജില്ല വൈസ് പ്രസിഡന്റ് പി. വിനു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ. രാജേഷ്, ഇ.വി. നിതിൻ എന്നിവരാണ് വീട്ടിൽ സന്ദർശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.