വികസനം വഴിമാറുന്നു; പയ്യന്നൂരിനും തളിപ്പറമ്പിനും ഇനി ദേശീയപാതയില്ല
text_fieldsപയ്യന്നൂർ: ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ വാണിജ്യപുരോഗതിക്ക് നിർണായകമായ പയ്യന്നൂർ, തളിപ്പറമ്പ് പട്ടണങ്ങൾ പൂർണമായും ഒഴിവാകും. ദേശീയപാത കടന്നുപോകുന്നത് ഈ പട്ടണങ്ങളുടെ വളർച്ചക്ക് ഏറെ ഇന്ധനം പകർന്നിരുന്നു. ഈ ബന്ധമാണ് അറ്റുപോകുന്നത്.
പയ്യന്നൂരിൽ പെരുമ്പയിലൂടെയും തളിപ്പറമ്പിൽ നഗര ഹൃദയത്തിലൂടെയുമാണ് നിലവിൽ പാത കടന്നുപോകുന്നത്. വികസനം പൂർത്തിയാകുന്നതോടെ തളിപ്പറമ്പിൽ കുപ്പത്തുനിന്ന് തുടങ്ങി കീഴാറ്റൂർ വയലിലൂടെ പാത ബക്കളത്ത് എത്തിച്ചേരും. പയ്യന്നൂരിൽ പെരുമ്പ പാലത്തിന് കിഴക്ക് എടനാട് നിന്ന് കോത്തായി മുക്കിന് സമീപത്താണ് നിലവിലുള്ള പാതയോട് ചേരുന്നത്. ഈ രണ്ടു ബൈപാസുകളിലും മണ്ണിട്ട് നിരപ്പാക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. വടക്കൻ ജില്ലകളിൽ പാതയുടെ സ്ഥലമെടുപ്പും വികസനവും അവസാനഘട്ടത്തിലാണ്. 2018 മുതലാണ് സ്ഥലമെടുപ്പ് തുടങ്ങിയതെങ്കിലും അടുത്തിടെയാണ് പ്രവർത്തനം ഊർജിതമായത്. കനത്ത മഴ പെയ്തത് സ്ഥലമെടുപ്പ് വൈകാൻ പ്രധാന കാരണമായി അധികൃതർ പറയുന്നു. നിശ്ചിത കാലാവധിക്കുള്ളിൽ ഭൂമി കൈമാറിയില്ലെങ്കിൽ കരാറുകാർക്ക് നഷ്ടപരിഹാരം നൽകണം. രേഖകളില്ലാത്തതും അവകാശികൾ വരാത്തതും ഉടമകൾ ഏതാണെന്ന് അറിയാത്തതുമായ സ്ഥലങ്ങളും ഏറ്റെടുക്കാനുണ്ട്. അദാലത്ത് നടത്തിയിട്ടും ആളുകൾ എത്തിയില്ല. ഇനി കോടതിനടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ തീരുമാനം.
കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെ 646.30 കിലോമീറ്റർ ദേശീയപാതയാണ് ആറുവരിയാക്കുന്നത്. കണ്ണൂർ ജില്ലയിൽ 200 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന് 2061 കോടി രൂപയാണ് നഷ്ടപരിഹാരം നൽകിയത്. വാടകക്കാരായ വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.