മുന്നണികൾ ആലോചനയിലാണ്; ഡോ. പത്മരാജൻ പത്രിക സമർപ്പിച്ചു
text_fieldsപയ്യന്നൂർ: മുന്നണികൾ സ്ഥാനാർഥിനിർണയത്തിന്റെ ചർച്ച പൂർത്തിയാക്കുന്ന തിരക്കിലാണ്. എന്നാൽ, തെരഞ്ഞെടുപ്പുകളുടെ രാജാവ് ഡോ. കെ. പത്മരാജൻ പത്രിക സമർപ്പിച്ച് ഗോദയിലിറങ്ങിക്കഴിഞ്ഞു. 239ാമത്തെ പത്രിക നൽകിയത് തമിഴ്നാട്ടിലെ ധർമപുരി 10 പാർലമെന്റ് മണ്ഡലത്തിലാണ്. ഈ ലോക്സഭ തെരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ ആദ്യ പത്രികയാണ് ബുധനാഴ്ച രാവിലെ 11ന് വരണാധികാരി കെ. ശാന്തി മുമ്പാകെ നൽകിയത്. കഴിഞ്ഞ തവണയും ഈ മണ്ഡലത്തിൽ പത്രിക നൽകിയിരുന്നു. ഇതിനു പുറമെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതറിഞ്ഞതോടെ വയനാട്ടിൽകൂടി പത്രിക നൽകിയിരുന്നു. ജയിക്കാനല്ല. മറ്റൊരു ചരിത്രംകൂടി കരിയറിൽ എഴുതിച്ചേർക്കാനായിരുന്നു വയനാട്ടിൽ പത്രിക നൽകിയത് -അദ്ദേഹം നയം വ്യക്തമാക്കി. സൂപ്പർ സ്റ്റാർ എതിരാളികളുടെ പട്ടികയിലെത്താൻ ഇക്കുറി തൃശൂരിലും മത്സരിക്കുമെന്ന് പത്മരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിൽ കണ്ണൂർ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലത്ത് വേരുള്ള പത്മരാജൻ ജനിച്ചതും വളർന്നതും തമിഴ്നാട് സേലം മേട്ടൂരിലാണ്. വെറുതെ രസത്തിനുവേണ്ടി സ്വതന്ത്രനായി മത്സരം തുടങ്ങിയത് 1981ൽ. എന്നാൽ, പിന്നീട് അത് നിർത്തിയില്ല. മത്സരജ്വരം ഇപ്പോൾ എത്തിയത് 239 പത്രികകളിൽ. അസംബ്ലിയോ പാർലമെന്റോ മാത്രമല്ല തട്ടകം. മേട്ടൂരിലെ പഞ്ചായത്ത് വാർഡ് മുതൽ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരെ നീളുന്നു മത്സരം. രാഷ്ട്രപതിഭവനിൽ വൻ സർക്കാർ സെക്യൂരിറ്റിയോടെയെത്തിയാണ് പത്രിക നൽകാറുള്ളത്. എന്നാൽ, എം.പിമാരുടെ പിന്തുണയില്ലാത്തതിനാൽ പ്രാഥമികഘട്ടത്തിൽതന്നെ തള്ളും.
കിട്ടിയ വോട്ടുകളുടെ എണ്ണം മൂന്നക്കം തികഞ്ഞത് ഒരിക്കൽ മാത്രം. സ്വന്തം നാടായ മേട്ടൂർ അസംബ്ലി മണ്ഡലത്തിൽ 2011ൽ നടൻ വിജയകാന്തിനോട് മത്സരിച്ചപ്പോൾ 6700ലധികം വോട്ടു ലഭിച്ചത് പത്മരാജനെപ്പോലും അത്ഭുതപ്പെടുത്തി. പക്ഷേ, കെട്ടിവെച്ച കാശ് അവിടെയും ലഭിച്ചില്ല. ഇതുവരെ തെരഞ്ഞെടുപ്പിനു ചെലവാക്കിയ തുക 20 ലക്ഷത്തിലധികം. എന്നാൽ, ലഭിച്ച റെക്കോഡുകളുടെ എണ്ണം വളരെ വലുത്. മൂന്നു തവണ ലിംക ബുക്കിൽ ഇടംകണ്ട ഈ തെരഞ്ഞെടുപ്പു രാജാവ് തന്റെ 182ാമത്തെ മത്സരത്തിൽ ഗിന്നസ് ബുക്കിൽ ഇടംനേടി ചരിത്രമെഴുതി.
പത്മരാജന്റെ ‘എതിരാളികൾ’ ചില്ലറക്കാരല്ല. മുൻ രാഷ്ട്രപതിമാരായ കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൽ കലാം, പ്രതിഭ പാട്ടീൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയി, നരസിംഹറാവു, ഡോ. മൻമോഹൻ സിങ്, മുൻ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാർ, കെ. കരുണാകരൻ, എ.കെ. ആന്റണി, ജയലളിത, എം. കരുണാനിധി, യദിയൂരപ്പ, ബംഗാരപ്പ തുടങ്ങിയവർ.
വീട്ടുകാർ ആദ്യം എതിർത്തിരുന്നതായി പത്മരാജൻ പറഞ്ഞു. എന്നാൽ, പിന്നീട് അവരും അനുകൂലമായി. ഇന്ന് ഇന്റർനെറ്റിൽ ഇലക്ഷൻ കിങ് എന്നടിച്ചാൽ ഡോ. പത്മരാജന്റെ റെക്കോഡുകൾ കാണാം. എവിടെ ചെന്നാലും ജനങ്ങൾ തിരിച്ചറിയുന്നു. ഇതുതന്നെയാണ് നേട്ടമെന്ന് കടുത്ത അയ്യപ്പഭക്തനായ ഡോ. പത്മരാജൻ പറയുന്നു. മേട്ടൂരിൽ ഹോമിയോ പ്രാക്ടിഷണറാണ് ഇദ്ദേഹം. ഒപ്പം ടയർ റിപ്പയറിങ് കടയും നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.