ഡോ. നിധീഷ് പറയുന്നു; ആ സ്നേഹത്തിന് അതിർവരമ്പുകളുണ്ടായിരുന്നില്ല
text_fieldsപയ്യന്നൂർ: ‘ജെ.എൻ.യു ഒരു വികാരമായിരുന്നു സഖാവിന്. ഇപ്പോഴും കാമ്പസിലെ വിദ്യാർഥിയെന്ന പോലെ. കാമ്പസിലെത്തിയാലും ആ സാന്നിധ്യം വലിയൊരു ആകർഷകവലയം തീർത്തു. കാണാൻ, കേൾക്കാൻ കണ്ണും കാതും കൂർപ്പിക്കാൻ എത്തുന്നവരിൽ രാഷ്ട്രീയ അതിർവരമ്പുകളില്ല. ഇനി ആ സാന്നിധ്യമില്ലെന്നു വിശ്വസിക്കാൻ പ്രയാസം’ -എസ്.എഫ്.ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കണ്ണൂർ പയ്യന്നൂർ വെള്ളോറ സ്വദേശി ഡോ. നിധീഷ് നാരായണൻ ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തിൽനിന്ന് ‘മാധ്യമ’ത്തോടു സംസാരിക്കുമ്പോൾ ആ സ്നേഹസാന്നിധ്യത്തിന്റെ ആഴം വ്യക്തം. യെച്ചൂരി കേരളത്തിൽ വന്നാൽ ഡോ. നിധീഷ് നാരായണൻ അദ്ദേഹത്തെ കാണും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ എല്ലാ പ്രസംഗവും പരിഭാഷപ്പെടുത്തിയത് ഡോ. നിധീഷ് ആയിരുന്നു. 2011ൽ കണ്ണൂർ സർവകലാശാലയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയതു മുതലാണ് യെച്ചൂരിയെന്ന ജനകീയ നേതാവിനെ അടുത്തറിയാൻ തുടങ്ങിയത്. എറണാകുളത്തായിരുന്നു സഖാവ് വിമാനമിറങ്ങിയത്. അന്ന് രാജ്യസഭാംഗമായ യെച്ചൂരിക്ക് ട്രെയിനിൽ സെക്കൻഡ് എ.സിയിൽ റിസർവേഷൻ ലഭിച്ചില്ല. ഇതോടെ ഒന്നാം ക്ലാസ് സ്ലീപ്പറിലായി യാത്ര. ടി.ടി എത്തിയപ്പോൾ തിരിച്ചറിയുകയും യെച്ചൂരിയോട് എ.സിയിലേക്ക് മാറാൻ പറയുകയും ചെയ്തു. എന്നാൽ, ഞങ്ങൾ രണ്ടു പേരില്ലേ, ഇവിടെ മതിയെന്നായിരുന്നു മറുപടി. ഈ ലാളിത്യമാണ് സീതാറാം യെച്ചൂരിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻനിരയിൽ ഇടം നൽകിയതെന്ന് ഡോ. നിധീഷ് പറഞ്ഞു.
കണ്ണൂരിൽനിന്ന് ജെ.എൻ.യുവിലെത്തിയപ്പോഴാണ് സഖാവുമായുള്ള ബന്ധം ദൃഢമായത് -നിധീഷ് പറഞ്ഞു. ജെ.എൻ.യുവിലെ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്താൽ ഉടൻ സ്റ്റേഷനിൽ ഓടിയെത്തുക യെച്ചൂരിയായിരിക്കും. വിദ്യാർഥികളെ വിട്ടയക്കുന്നതു വരെ അവിടെയിരിക്കും. വിവിധ പരിപാടികളിലെ പ്രസംഗം നീണ്ടുപോയാൽ കഴിഞ്ഞ ഉടൻ ചോദിക്കും: ‘‘നിധീഷ് കുറച്ചു നീണ്ടു പോയോ? നീ ഉള്ളതുകൊണ്ടാണ് നീട്ടിയത്.’’ഇങ്ങനെ പറയാൻ മാറ്റേതു നേതാവിനാകും? ജെ.എൻ.യുവിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന യോഗം യെച്ചൂരിയുടേതാണ്. പ്രസംഗം കഴിഞ്ഞാൽ സംവാദമുണ്ടാവും. ഏതു ചോദ്യത്തിനും വിശദമായ ഉത്തരമുണ്ട്. അവിടെ അറിവിന്റെ ആഴം നിറഞ്ഞുകവിയുന്നതു കാണാം -നിധീഷ് പറഞ്ഞു.
വലിയ സുഹൃദ് വലയമാണ് യെച്ചൂരിക്കുണ്ടായത്. ജെ.എൻ.യുവിൽ എസ്.എഫ്.ഐ യൂനിറ്റ് ഇല്ലാതായ സന്ദർഭമുണ്ടായി. ഇത് തിരിച്ചെത്തിക്കാൻ നിധീഷ് ഉൾപ്പെടെയുള്ളവർക്ക് തണലായി നിന്നത് യെച്ചൂരിയായിരുന്നു. പഠിക്കുമ്പോൾ സീതാറാമായിരുന്നു എസ്.എഫ്.ഐ മാഗസിൻ സ്റ്റുഡന്റ് സ്ട്രഗിളിന്റെ എഡിറ്റർ. ഇപ്പോൾ ഈ സ്ഥാനത്ത് ഡോ. നിധീഷാണ്. ഇതും ഒരു ചരിത്രനിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.