ഡോ. പ്രസാദ്: സൈലന്റ് വാലി സമരത്തിൽ വിദ്യാർഥികളെ പടച്ചട്ടയണിയിച്ച വിപ്ലവകാരി
text_fieldsപയ്യന്നൂർ: പയ്യന്നൂരിൽ വിദ്യാർഥികളെ സൈലൻറ് വാലി സമരത്തിന്റെ പടച്ചട്ടയണിയിച്ച വിപ്ലവകാരിയായിരുന്നു പ്രഫ. എം.കെ. പ്രസാദ്. സ്വന്തം സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്ത് സമരത്തിൽ സഹകരിക്കാതിരുന്നിട്ടും ഒറ്റയാൾ പോരാട്ടം നടത്തിയ ഇദ്ദേഹം ക്യാമ്പിലെത്തി വിദ്യാർഥികളോട് സമരത്തിനിറങ്ങാൻ ആഹ്വനം ചെയ്തതായി ക്യാമ്പിന്റെ പ്രധാന സംഘാടകനായ പ്രഫ. ജോൺ സി. ജേക്കബ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
1974ലാണ് പ്രഫ. ജോൺ സി. ജേക്കബിന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് പരിപാടിയായ നാച്വർ ക്യാമ്പ് പയ്യന്നൂരിനടുത്ത് രാമന്തളി എട്ടിക്കുളത്ത് നടത്തിയത്. ദക്ഷിണേന്ത്യയിലെ പ്രഥമ പരിസ്ഥിതി ക്യാമ്പായിരുന്നു അത്. ഇന്ത്യയിലെ മൂന്നാമത്തേതും. ഈ ക്യാമ്പിലേക്കാണ് പ്രഫ. പ്രസാദ് എത്തിയത്. ക്യാമ്പ് നടക്കുന്നതിനിടയിലാണ് സൈലന്റ് വാലി പ്രശ്നം ഉയർന്നുവന്നത്. ഇത് പദ്ധതിക്കെതിരെ ഉത്തര കേരളത്തിലെ വിദ്യാർഥികളെ രംഗത്തിറക്കാൻ സഹായകമായി. കേരള കാമ്പസ് അതേറ്റെടുക്കുകയും ചെയ്തു.
എട്ടിക്കുളം സ്കൂളിൽ നടന്ന ക്യാമ്പിൽ 40ഓളം വിദ്യാർഥികളും 20ഓളം അധ്യാപകരുമാണ് ഉണ്ടായിരുന്നത്. പ്രഫ. പ്രസാദിനുപുറമെ പ്രശസ്ത പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഈ ക്യാമ്പാണ് കേരളത്തിലെ വിദ്യാർഥികളിൽ കാടിനെക്കുറിച്ചും കടലിനെക്കുറിച്ചും മലകളെക്കുറിച്ചും അവബോധമുണ്ടാക്കിയത്. ക്യാമ്പിൽ സംസാരിച്ച പ്രഫ. പ്രസാദ് സൈലൻറ് വാലിയുടെ സംരക്ഷണത്തിന് എന്തെങ്കിലും ചെയ്യണമെന്നാവശ്യപ്പെട്ടു. അങ്ങനെയാണ് ക്യാമ്പിന്റെ മുദ്രാവാക്യം സേവ് സൈലന്റ് കാമ്പയിനായി മാറുന്നത്. ക്യാമ്പിന് തുടർച്ചയായി പയ്യന്നൂർ കോളജ് സുവോളജി ക്ലബിന്റെ നേതൃത്വത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് ഒരാഴ്ചയോളം പ്രതിഷേധിച്ചു. അവസാനം കറുത്ത കൊടിയുമായി പയ്യന്നൂർ ടൗണിൽ മൗനജാഥയും നടത്തിയിരുന്നു. ഇതേത്തുടർന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള കോളജുകളിൽ പഠിപ്പുമുടക്കും നടന്നു.
ആലുവയിലെ ചന്ദ്രൻ, ഷംസുദ്ദീൻ എന്നീ ആർട്ടിസ്റ്റുകൾ തിരുവനന്തപുരത്ത് ചിത്രപ്രദർശനം നടത്താൻ അനുമതി തേടിയെങ്കിലും കോടതി വിധി ചൂണ്ടിക്കാട്ടി സർക്കാർ അനുവാദം നൽകിയില്ലെന്നതും ചരിത്രം. തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ റോഡിൽ പ്രദർശനം നടത്തിയിരുന്നു. സൈലൻറ് വാലിക്കു പുറമെ മലബാറിലെ ഇടനാടൻ ചെങ്കൽക്കുന്നുകളുടെ നാശത്തിനെതിരെയും ശബ്ദമുയർത്തിയ പരിസ്ഥിതി മേഖലയിലെ സൗമ്യസാന്നിധ്യമായിരുന്നു മാസ്റ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.