മെഡിക്കൽ കോളജിൽ ഇ-ഹെൽത്ത് പദ്ധതി ഇന്നു മുതൽ
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ -ഹെൽത്ത് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാവും. ഒരുവ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ എല്ലാ ഇ -ഹെൽത്ത് അധിഷ്ഠിത ആശുപത്രികളിലും ലഭിക്കുമെന്നതിനാൽ ചികിത്സ കൂടുതൽ വേഗത്തിൽ കിട്ടുന്നതിന് ഇത് സഹായിക്കും.
ഇതുപ്രകാരം ഏതെങ്കിലും സർക്കാർ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തുടർചികിത്സക്കായി രോഗി റഫർ ചെയ്യപ്പെടുമ്പോൾ ആദ്യ ആശുപത്രിയിൽനിന്ന് ചെയ്ത ലാബു പരിശോധന റിപ്പോർട്ട് ഉൾപ്പെടെ റഫർ ചെയ്യപ്പെട്ട ആശുപത്രിയിൽ ലഭിക്കും. അതുകൊണ്ട് സാധാരണ നിലയിൽ വീണ്ടും പരിശോധന വേണ്ടിരില്ല. ഇത് സമയ, സാമ്പത്തിക നഷ്ടം ഒഴിവാക്കി രോഗിക്ക് ചികിത്സ വളരെവേഗം കിട്ടാൻ വഴിയൊരുക്കുന്നു.
ഇ -ഹെൽത്ത് പദ്ധതിയുടെ ഭാഗമായി യു.എച്ച്.ഐ.ഡി എടുക്കേണ്ടതുണ്ട്. ആധാർ കാർഡും ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി വന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക ഇ -ഹെൽത്ത് കൗണ്ടറിൽനിന്ന് ഈ സേവനം ലഭ്യമാണ്. ehealth.kerala. gov.in/portal/uhid-reg എന്ന ഓൺലൈൻ ലിങ്ക് ഉപയോഗപ്പെടുത്തി സ്വന്തമായി രജിസ്റ്റർ ചെയ്യാനും സാധിക്കും.
യു.എച്ച്.ഐ.ഡിയുമായി ബന്ധപ്പെടുത്തി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ, മൊബൈൽ ഫോൺ ഉപയോഗിച്ച് ടോക്കൺ എടുക്കുന്നതിനും ലാബ് ഉൾപ്പെടെയുള്ള പരിശോധനഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ അറിയാൻ കഴിയും. കാർഡ് ലഭിച്ചവർക്ക് ഇൻറർനെറ്റ് ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് ടോക്കൺ ബുക്ക് ചെയ്യാൻ കഴിയും.
ചികിത്സതേടിയെത്തുന്ന ഓരോരുത്തരും ആരോഗ്യരംഗത്തെ ഈ ഡിജിറ്റൽമാറ്റത്തിന്റെ ഭാഗമാവണമെന്നും യു.എച്ച്.ഐ.ഡി ലഭിക്കാൻ ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക സേവനം ഉപയോഗപ്പെടുത്തണമെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.