പരിസ്ഥിതിദിനം; ഔഷധിയിൽ ഒരുങ്ങുന്നത് ലക്ഷം ഔഷധച്ചെടികൾ
text_fieldsപയ്യന്നൂർ: പൊതുമേഖല സ്ഥാപനമായ ഔഷധി ഈ വർഷത്തെ പരിസ്ഥി ദിനത്തിൽ നടുന്നതിന് ഒരുക്കിയത് ഒരു ലക്ഷത്തോളം ഔഷധ, ഫല വൃക്ഷ തൈകൾ. ഔഷധിയുടെ പരിയാരം മേഖല കേന്ദ്രമാണ് ഇത്തവണത്തെ പരിസ്ഥിതിദിന വിതരണത്തിനായി ഒരു ലക്ഷത്തോളം ചെടികള്‍ തയാറാക്കിയത്.
പരിയാരത്തെ ഗവ. മെഡിക്കല്‍ കോളജിന് സമീപത്തെ ഔഷധ സസ്യ നേഴ്സറിയിലാണ് തൈകള്‍ വിതരണ സജ്ജമായത്. ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും സന്നദ്ധ സംഘടനകള്‍ക്കും പരിസ്ഥിതിദിനത്തോടുബന്ധിച്ച് വിതരണത്തിനായാണ് തൈകൾ തയാറാക്കിയത്. അശോകം, കുവളം, നീര്‍മരുത്, ചിറ്റമൃത്, ഞാവല്‍, ആര്യവേപ്പ്, താന്നി, പുളി, എരിക്ക്, വാതംകൊല്ലി, കണിക്കൊന്ന തുടങ്ങിയവയാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്.
സ്കൂളുകള്‍ക്കും കോളജുകള്‍ക്കും റൂട്ട് ട്രെയിനര്‍ ട്രേകളില്‍ പ്ലാസ്റ്റിക്ക് രഹിതമായാണ് കറ്റാര്‍വാഴ, മൈലാഞ്ചി, കരിനൊച്ചിൽ, വാതംകൊല്ലി, രാമച്ചം എന്നിവ വിതരണം ചെയ്യുക.
കടന്നപ്പള്ളി റോഡരികിലായി പുതിയ നേഴ്സറിയും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒന്നേകാല്‍ ലക്ഷം തൈകള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. കേരളത്തില്‍ ഔഷധി നേരിട്ട് നടത്തുന്ന സര്‍ക്കാര്‍ ഉടമയിലുള്ള ഏക ഔഷധ സസ്യ നേഴ്സറിയാണ് പരിയാരത്ത് നുറേക്കറോളം സ്ഥലത്തുള്ളത്. ഔഷധിയുടെ വടക്കന്‍ മേഖലാ ഔഷധ വിതരണ കേന്ദ്രവും ഔഷധസസ്യ വിജ്ഞാനവ്യാപന കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.