മിഥുനം പിറന്നിട്ടും ഒളിച്ചുകളിച്ച് മഴ; കണ്ണീർമഴയിൽ കർഷകർ
text_fieldsപയ്യന്നൂർ: തിങ്കളാഴ്ച തിരുവാതിരയാണ്. ഞാറ്റുവേല തുടങ്ങുന്ന ദിവസം. മഴ തിമർത്തു പെയ്യേണ്ട മിഥുന മാസത്തിന് വെള്ളിയാഴ്ച തുടക്കമായി. എന്നാൽ അത്യുത്തര കേരളത്തിൽ മഴയുടെ ഒളിച്ചുകളി തുടരുകയാണ്. ഇത് ആയിരക്കണക്കിന് നെൽ കർഷകരുടെ കണ്ണീർ മഴക്കു കാരണമാവുകയാണ്. വേനൽ മഴ തീരെ പെയ്തില്ല. എടവപ്പാതി പിന്നിട്ടാൽ കേരളത്തിൽ കാലവർഷക്കാലമാണ്. അതുമില്ല. മാത്രമല്ല, മിഥുന മാസമായിട്ടും കാലവർഷം ഇല്ല. മഴ വരുമെന്ന് പ്രതീക്ഷിച്ച് കർഷകർ വെള്ളം പമ്പു ചെയ്തും മറ്റും ഞാറ് തയാറാക്കിയിരുന്നു. എന്നാൽ ഒരു മാസം പിന്നിടുമ്പോഴും മഴയില്ലാത്തതിനാൽ പറിച്ചുനടാനായില്ല.ഇടക്കിടെ മഴ ചാറി പോവുകയാണ് മഴ. പല സ്ഥലങ്ങളിലും കിണറുകളിൽ പോലും വെള്ളമില്ല. മഴ വൈകിയതു കാരണം ഒന്നാം വിള നെൽകൃഷിക്ക് വിത്ത് വിതക്കാൻ പല കർഷകർക്കും കഴിഞ്ഞിട്ടില്ല.
ഞാറ്റടി തയാറാക്കിയവർ നാട്ടി നടാൻ വയലിൽ വെള്ളം കയറാൻ മാനത്തു നോക്കി കാത്തിരിക്കുകയാണ് പലയിടത്തും. യന്ത്രമുപയോഗിച്ചുള്ള നാട്ടിക്കായി പായ ഞാറ്റടി തയാറാക്കായവരുടെ ഞാറ് മൂത്ത് നശിക്കുന്ന അവസ്ഥയാണ്. 20 ദിവസം കൊണ്ട് ഇത്തരം ഞാറുകൾ പറിച്ചു നടണം. എന്നാൽ 30 ദിവസം കഴിഞ്ഞിട്ടും നടാനായില്ല. മഴയില്ലെന്നു മാത്രമല്ല, കനത്ത വെയിലും. ഇത് ഞാറ്റടി പഴുത്ത് നശിക്കാൻ കാരണമായതായി കർഷകർ പറയുന്നു. ഇത്തവണ കടുത്ത വരൾച്ചയായിരുന്നു വേനലിൽ. അതുകൊണ്ട് മൺസൂൺ ശക്തിയാർജിക്കുമെന്ന പ്രതീക്ഷയിലാണ് പ്രകൃതി വെള്ളം ചേർത്തത്.
എങ്ങോ വീശിയ ചുഴലിക്കാറ്റിന്റെ ഭാഗമായി രണ്ട് ദിവസം കിട്ടിയ മഴയാണ് മലയാളിയുടെ മൺസൂൺ മഴ. ഉണങ്ങിക്കരിയാൻ തുടങ്ങിയ തെങ്ങിനും കവുങ്ങിനുമൊക്കെ അൽപം ആശ്വാസമായെങ്കിലും നെൽകൃഷിക്കിത് പോര. ഒരാഴ്ചക്കകം മഴ പെയ്ത് വെള്ളം കയറിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് കർഷകർ പറയുന്നു.
ഉദ്പാദന ചിലവ് കൂടിയതും പുതിയ തലമുറയുടെ നിഷേധ നിലപാടും കാരണം നെൽകൃഷി വൻതോതിൽ കുറഞ്ഞുവരുന്ന സ്ഥിതിയാണ് നാട്ടിൽ.
കേരളത്തിൽ 30 വർഷത്തിനിടയിൽ ആറു ലക്ഷം ഹെക്ടർ നെൽവയലുകളാണ് അപ്രത്യക്ഷമായത്. 70- 71 കാലത്ത് 8,88,000 ഹെക്ടർ നെൽവയലുകൾ ഉണ്ടായ സ്ഥാനത്ത് ഇപ്പോഴത് മൂന്നു ലക്ഷമായി ചുരുങ്ങി. പലരും തരിശിടുന്നതും പതിവായി. കാലവർഷം കൂടി ചതി തുടങ്ങിയതോടെ നാശം പൂർണ്ണമാവുകയാണെന്നും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.