ഏഴിമല നഷ്ടപരിഹാരം: 223 കേസുകൾ കോടതിയുടെ പരിഗണനയിൽ
text_fields
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 223 കേസുകൾ പയ്യന്നൂർ സബ് കോടതിയുടെ പരിഗണനയിലുണ്ടെന്നും കേസ് തീർപ്പായാൽ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ വ്യക്തമാക്കി. നിയമസഭയിൽ ടി.ഐ.മധുസൂദനന് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
ഏഴിമല നാവിക അക്കാദമി സ്ഥാപിക്കാൻ ജില്ലയിലെ അവിഭക്ത തളിപ്പറമ്പ് താലൂക്ക് രാമന്തളി വില്ലേജില്‍പെട്ട 850 ഹെക്ടറിലധികം ഭൂമിയാണ് 1983-84 കാലഘട്ടത്തില്‍ ഏറ്റെടുത്തത്. 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഏറ്റെടുക്കുകയും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സ്ഥലമെടുപ്പ് കാലഘട്ടത്തില്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്തതായി മറുപടിയിൽ പറയുന്നു.
1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം 18ാം വകുപ്പ് പ്രകാരം വർധനക്കുവേണ്ടി എൽ.എ.ഒ മുഖാന്തരം റഫറന്‍സ് കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഒരേ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ട സമാന സ്വഭാവമുള്ള വസ്തുക്കളില്‍ റഫറന്‍സ് കോടതി വർധന അനുവദിച്ച് നല്കിയ വിധി ന്യായം കാണിച്ച് വർധന തങ്ങള്‍ക്കും ബാധകമാകാൻ ഭൂമി ഏറ്റെടുക്കല്‍ നിയമം വകുപ്പ് 28 എ പ്രകാരം അപേക്ഷ സമര്‍പ്പിക്കാം. അപ്രകാരം നഷ്ടപരിഹാരം പുനര്‍നിർണയിക്കാൻ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം 28 എ വകുപ്പ് പ്രകാരം സമര്‍പ്പിച്ച ആയിരക്കണക്കിന് അപേക്ഷകള്‍ പരിഗണിച്ച് നഷ്ടപരിഹാരം വര്‍ധിപ്പിച്ച് നല്‍കിയതായും മറുപടിയിൽ മന്ത്രി അറിയിച്ചു.
ലാൻഡ് അക്വിസിഷന്‍ ഓഫിസര്‍ 28 എ അപേക്ഷ നിരസിക്കുന്ന കേസുകളിലോ തുക ബന്ധപ്പെട്ട കക്ഷി സ്വീകരിക്കാത്ത സാഹചര്യത്തിലോ 28 എ (മൂന്ന്) പ്രകാരം അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കാം. വകുപ്പ് 28 എ (3) പ്രകാരം സമര്‍പ്പിച്ച അപേക്ഷകളിലുണ്ടായ വിവിധ എല്‍.എ.ആര് വിധികളില്‍ പയ്യന്നൂര്‍ സബ് കോടതി നഷ്ടപരിഹാരം വർധിപ്പിച്ച് ഉത്തരവായിട്ടുണ്ട്. വിധി തുക എൽ.എ.ആർ കോടതികളിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ഏകദേശം ഇരുപതോളം അപേക്ഷകൾ മാത്രമാണ് നടപടികളുടെ വിവിധ ഘട്ടത്തിലുള്ളത്. 28 എ അവാർഡ് പാസാക്കുന്നതോടെ തുക വിതരണം ചെയ്യും.
223 ഓളം കേസുകളിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യാൻ ഈ സഭാകാലയളവിൽ പ്രത്യേക യോഗം വിളിക്കാമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.