മോഷണശ്രമത്തിനിടെ കിണറ്റില്‍ വീണു; രക്ഷകരായി അഗ്നിരക്ഷാസേന, കൈയോടെ പൊക്കി പൊലീസ്
text_fieldsപയ്യന്നൂർ: ആളില്ലാത്തവീട്ടില്‍ മോഷണത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണു. നാട്ടുകാർ വിളിച്ചറിയിച്ചതോടെ പൊലീസും അഗ്നിരക്ഷാസേനയുമെത്തി. അഗ്നിരക്ഷാസേന രക്ഷിച്ച് കരയിലെത്തിച്ച കള്ളനെ പെരിങ്ങോം പൊലീസ് മോഷണശ്രമത്തിന് അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് മുയ്യത്തെ എ.പി. ഷെമീര്‍ (35) ആണ് പിടിയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ മാതമംഗലം തുമ്പത്തടത്തെ കേളോത്ത് പവിത്രന്‍ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തോടെ മോഷ്ടാവ് എത്തിയത്. സ്‌കൂട്ടറില്‍ വന്ന ഇയാള്‍ വാഹനം 20 മീറ്റര്‍ ദൂരെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചാണ് മോഷണത്തിനെത്തിയത്.
പവിത്രന്‍ മാസ്റ്ററും ഭാര്യ രാജമ്മ ടീച്ചറും വീട് പൂട്ടി തിങ്കളാഴ്ച ഉച്ചയോടെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മോഷ്ടാവ് കവർച്ച ആസൂത്രണം ചെയ്തത്. കിണറ്റിന്റെ ആള്‍മറയില്‍ കയറി പാരപ്പറ്റിലേക്ക് പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ പാരപ്പറ്റില്‍ വെച്ച ഇഷ്ടിക അടര്‍ന്നതോടെ കിണറ്റില്‍ വീഴുകയായിരുന്നു.
ഷെമീറിന്റെ നിലവിളിയും ബഹളവും കേട്ടെത്തിയ നാട്ടുകാര്‍ പൊലീസിനേയും അഗ്നിരക്ഷാസേനയേയും വിവരമറിച്ചു. 30 അടിയോളം ആഴമുള്ള കിണറ്റില്‍ നാലടി വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ വല ഉപയോഗിച്ചാണ് മോഷ്ടാവിനെ കരയിലെത്തിച്ചത്. വീഴ്ചയിൽ പടവിന് കൈ തട്ടി വിരലുകള്‍ക്ക് പോറലേറ്റിരുന്നു.
ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഷെമീര്‍ ജയില്‍ ശിക്ഷയും അനുഭവിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.