കൈതപ്രത്ത് അഗ്നിബാധ: റബറും കശുമാവും കത്തിനശിച്ചു
text_fieldsപയ്യന്നൂർ: കൈതപ്രം എൻജിനീയറിങ് കോളജിന് തെക്കുഭാഗത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് വൻ തീപിടിത്തം. കണ്ടോന്താറിലെ കെ.വി. കുഞ്ഞിക്കണ്ണൻ, കാരാള കമലാക്ഷി തുടങ്ങിയവരുടെ പേരിലുള്ള സ്ഥലത്താണ് തിങ്കളാഴ്ച ഉച്ച 12ഓടെ തീപിടിത്തമുണ്ടായത്.
ടാപ്പ് ചെയ്തു തുടങ്ങിയ റബറുകളും കശുമാവും മറ്റും കത്തിനശിച്ചു. പെരിങ്ങോത്തുനിന്നും പയ്യന്നൂരിൽനിന്നുമെത്തിയ ലീഡിങ് ഫയർ ഓഫിസർമാരായ ടി.കെ. സുനിൽകുമാർ, ടി.വി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷസേന തീയണച്ചു.
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് മെംബർ എൻ.കെ. സുജിത്ത്, ഓട്ടോഡ്രൈവർ രമേശൻ, ടി.വി. സുരേഷ്, ഇ. രാജീവൻ മണിയറ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു.
കുന്നിൻമുകളിൽതന്നെ തീയണക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. ഇതിനുതാഴെ നിരവധി വീടുകളുണ്ട്. തീപിടിച്ചപ്പോൾ താഴ്ഭാഗത്തേക്ക് പുക പടർന്നത് വീട്ടുകാരെയാകെ പരിഭ്രാന്തിയിലാക്കിയിരുന്നു.
തീപിടിത്തത്തിനുപിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് പരാതിയുണ്ട്. തീപിടിച്ച സ്ഥലത്ത് വത്തക്ക കഷണങ്ങളും മദ്യക്കുപ്പികളും മറ്റ് ഭക്ഷ്യവസ്തുക്കളും കണ്ടെത്തി. ദൂരദിക്കുകളിൽനിന്നുവരെ ഇവിടെ ആളുകൾ മദ്യപിക്കാനും മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾക്കും എത്താറുണ്ടെന്ന് പറയുന്നു. പരിയാരം പൊലീസിന്റെ പരിധിയിൽപെടുന്നതാണ് ഈ സ്ഥലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.