'ൈദവം 101ൽ വിളിച്ചു; ആ മിണ്ടാപ്രാണിക്ക് പുനർജനി'
text_fieldsപയ്യന്നൂർ: പതിവ് പരിശീലനം നടത്തുന്ന പുഴക്ക് പകരം മറ്റൊരു പുഴയിലേക്ക് പോകാൻ ഒരുങ്ങിയ ഫയർഫോഴ്സിെൻറ തീരുമാനം ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ചു, ഒരു കുടുംബത്തിെൻറ ജീവിതമാർഗവും. തിങ്കളാഴ്ച രാവിലെ പെരുമ്പ പുഴയിൽ ഡിങ്കി പരിശീലനത്തിന് പോവുകയായിരുന്ന ഫയർഫോഴ്സ് സംഘമാണ് ചളിക്കുഴിയിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന പശുവിെൻറ രക്ഷകരായത്. 101ൽ ആരും വിളിച്ചുപറഞ്ഞില്ലെങ്കിൽ ആ വഴി വരാനുള്ള തോന്നലുണ്ടാക്കിയത് ദൈവമായിട്ടായിരിക്കുമെന്ന് ഇവർ കരുതുന്നു.
തട്ടാർകടവ് പുഴയിലാണ് ഫയർഫോഴ്സ് സാധാരണ പരിശീലനത്തിന് പോകാറുള്ളത്. എന്നാൽ, ഇന്നലെ വഴിയൊന്ന് മാറ്റിപ്പിടിക്കുകയായിരുന്നു. പയ്യന്നൂർ ശാന്തി തിയറ്ററിന് മുൻവശെത്ത ദേശീയപാതയോരത്തെ ചളിക്കുഴിയിൽ ഒരു പശു വീണുകിടക്കുന്നത് വാഹനത്തിലുണ്ടായിരുന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. വിശാലിെൻറ ശ്രദ്ധയിൽ യാദൃച്ഛികമായി പെടുകയായിരുന്നു. അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ വിവരമറിയിച്ചു. സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയപ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി പിടയുന്ന പശുവിനെയാണ് കണ്ടത്.
കയർ കഴുത്തിൽ മുറുകി തല പകുതി വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു പശു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി. വിജയൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (മെക്കാനിക്) കെ.എസ്. ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഉടൻ കുഴിയിലിറങ്ങി പശുവിെൻറ തല വെള്ളത്തിൽനിന്ന് ഉയർത്തിപ്പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡെലിവറി ഹോസ്, കയർ എന്നിവ ഉപയോഗിച്ച് പശുവിനെ വെള്ളത്തിൽനിന്ന് ഉയർത്താനുള്ള ശ്രമവും ആരംഭിച്ചു. അപ്പോഴേക്കും വിവരമറിഞ്ഞ് പശുവിെൻറ ഉടമസ്ഥൻ പ്രദീപനും സ്ഥലത്തെത്തി. അദ്ദേഹം മൃഗഡോക്ടറെ വിവരം അറിയിച്ചു.
പശുവിനെ വെള്ളത്തിൽനിന്ന് ഉയർത്തി കരയിലെത്തിച്ചതിനു ശേഷം, ഒരു ജീവൻ രക്ഷിച്ച ചാരിതാർഥ്യത്തോടെ സേനാംഗങ്ങൾ ഡിങ്കി പരിശീലനത്തിനായി പുഴയിലേക്ക് നീങ്ങി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.വി. ഗിരീഷ്, രാഹുൽ കൃഷ്ണൻ, ജിജേഷ് രാജഗോപാൽ, ഹോം ഗാർഡ് കെ.സി. ഗോപാലൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.