മീൻ സുലഭം; ഏറിയും കുറഞ്ഞും വിലനിലവാരം
text_fieldsപയ്യന്നൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ മത്സ്യബന്ധന തീരങ്ങളിൽ ഇക്കുറി മീൻ സുലഭം. വള്ളങ്ങൾ നിറഞ്ഞു കവിയുന്ന ചാകരയാണിപ്പോൾ മിക്കയിടങ്ങളിലും. വിപണിയിൽ വൻ വിലയുള്ള വലിയ മീൻ ഉൾപ്പെടെ വന്നുനിറയുന്നുണ്ടെങ്കിലും കാര്യമായ വിലക്കുറവില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. ചില സമയങ്ങളിൽ വിലക്കുറവുണ്ടെങ്കിലും സ്ഥിരതയില്ല.
വിപണിയിലെ 'വി.ഐ.പി'കളായ അയക്കൂറയും ആവോലിയും നെയ്മീനും വലിയ ചെമ്മീനുമൊക്കെ വൻ തോതിലാണ് വന്നു നിറയുന്നത്. അയല ചാകരയാണ് സീസണിലെ മറ്റൊരു പ്രത്യേകത. എന്നാൽ, മലയാളികളുടെ പ്രിയപ്പെട്ട മത്തി അത്ര സുലഭമല്ല. തമിഴ്നാട്, ആന്ധ്ര, കർണാടക തീരങ്ങളിൽ നിന്നാണ് മത്തിയെത്താറുള്ളത്. ഒരാഴ്ചയെങ്കിലും പഴക്കമുള്ള മത്തിക്ക് കിലോഗ്രാമിന് 200 രൂപയാണ് മിക്കയിടത്തും ചില്ലറ വില. ചിലപ്പോൾ 140നും ലഭിക്കുന്നു. അതേസമയം, കിലോക്ക് 240 മുതൽ 300 വരെയുണ്ടായിരുന്ന അയലക്ക് ദിവസങ്ങൾക്കു മുമ്പ് 90,100 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാമന്തളി പാലക്കോട് മത്സ്യ മാർക്കറ്റിൽ അയലക്ക് 160 ആയി വർധിച്ചു. അയല,പാര എന്നിവ 100 രൂപക്ക് രണ്ട് കിലോ വരെ ലഭിച്ചതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ 105 കിലോ തൂക്കം വരുന്ന തിരണ്ടി മത്സ്യവും മുറിച്ചുവിൽപന നടത്തിയിരുന്നു. 200 രൂപയായിരുന്നു കിലോഗ്രാമിന് വില.
600 വരെയുണ്ടായിരുന്ന അയക്കൂറക്കും ആവോലിക്കും 200 മുതൽ 300 വരെ വിലക്ക് ഇവിടെ നിന്ന് വിൽപന നടത്തിയിരുന്നു. ചെറിയ അയക്കൂറക്കാണ് 200 രൂപ. ആവോലി, അയക്കൂറ എന്നിവയുടെ ആധിപത്യത്തിനിടയിലും ചെറിയ മീനുകളായ കിളിമീൻ, മാന്തൽ, വേളൂരി, പരൽ എന്നിവയും സുലഭമാണ്. 100 രൂപയാണ് ഇവയുടെ ശരാശരി വില. എന്നാൽ, അടുത്ത കാലത്ത് ചെമ്മീൻ ചാകര കുറഞ്ഞതായി ഈ മേഖലയിലുള്ളവർ പറയുന്നു. അടുത്ത മാസം വരെ ചാകര കൂടുമെന്നാണ് പ്രതീക്ഷ. കടലിൽ പോകുന്നവർക്കും വ്യാപാരികൾക്കുമെന്നപോലെ ഉപഭോക്താക്കൾക്കും മീൻചാകര ഗുണം ചെയ്യുന്നു. വലിയ വില നൽകാതെ അധികം ഐസിലിടാത്തതും രാസപദാർഥങ്ങളിടാത്തതുമായ മീൻ കിട്ടും.അതേസമയം, കടൽമീൻ ചാകര നാടൻ മത്സ്യകൃഷിക്കാരെ ദോഷകരമായി ബാധിക്കുന്നതായി ആക്ഷേപമുണ്ട്. മായം കലരാത്ത കടൽ മീൻ വീടുകളിലെത്തുമ്പോൾ കർഷകർ വളർത്തുന്ന നാട്ടുമീൻ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.