അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ച സംഭവം; നാവിക അക്കാദമി ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നു
text_fieldsപയ്യന്നൂര്‍: പയ്യന്നൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നു. എഴിമല നാവിക അക്കാദമിയിലാണ് അപൂര്‍വമായ സൈനിക നടപടി. 2020 ജനുവരി 12ന് രാത്രി 7.45ന് പയ്യന്നൂര്‍ പുഞ്ചക്കാടായിരുന്നു കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം.
കുന്നരു സ്വദേശിയും പുഞ്ചക്കാട് വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ ഭഗവതി പറമ്പില്‍ ഭുവനചന്ദ്രനാണ് (54) അപകടത്തെത്തുടര്‍ന്ന് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ഭുവനചന്ദ്രന് താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സിന് സമീപത്തെ പുഞ്ചക്കാട് സെൻറ് ജോസഫ്സ് ദേവാലയത്തിനടുത്താണ് അപകടമുണ്ടായത്. ഭുവനചന്ദ്രന് ഓടിച്ചിരുന്ന സ്കൂട്ടറില്‍ പയ്യന്നൂര്‍ ഭാഗത്തുനിന്ന് ഏഴിമലയിലേക്ക് പോവുകയായിരുന്ന ബെന്‍സ് കാറിടിക്കുകയായിരുന്നു.
ഏഴിമല നാവിക അക്കാദമിയിലെ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കെ.പി.സി. റെഡ്ഡിയാണ് കാർ ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭുവനചന്ദ്രനെ പയ്യന്നൂരിലെ പ്രാഥമിക ശുശ്രൂഷക്കുശേഷം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലയില്‍ ശക്തമായ ക്ഷതമേറ്റ ഇയാളെ രക്ഷിക്കാനായില്ല.
ജനുവരി 13ന് പുലര്‍ച്ച 12.45ഓടെയായിരുന്നു മരണം. സംഭവത്തില്‍ നേവി ക്യാപ്റ്റനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിരോധ വകുപ്പിലെ സേനാംഗങ്ങള്‍ കുറ്റകൃത്യത്തിലുള്‍പ്പെട്ടാല്‍ വിചാരണ ചെയ്യുന്നതിനായാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്.
നാട്ടുകാരായ സാക്ഷികളില്‍നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കോര്‍ട്ട് മാര്ഷലിനുശേഷം സൈനിക കോടതി ശിക്ഷ വിധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.