രാമന്തളിയിൽ മത്സ്യത്തൊഴിലാളികളുടെ ബൈക്കും ഷെഡും വലകളും കത്തിനശിച്ച നിലയിൽ
text_fieldsപയ്യന്നൂർ: രാമന്തളിയിൽ മത്സ്യത്തൊഴിലാളികളുടെ ബൈക്കും ഷെഡും വലകളും അഗ്നിക്കിരയാക്കി. കൊവ്വപ്പുറത്തെ സി.പി.എം പ്രവർത്തകനായ ഒ.കെ. ഗിരീശന്റെ ബൈക്കും മറ്റൊരു മത്സ്യത്തൊഴിലാളി പി.പി. രാഘവന്റെ ഷെഡും ഇവിടെ സൂക്ഷിച്ചിരുന്ന വലകളുമാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. വലകളും മറ്റു തൊഴിൽ ഉപകരണങ്ങളും സൂക്ഷിക്കാനായി കൊവ്വപ്പുറത്തെ ഏറൻപുഴക്കരയിയിൽ രാഘവൻ നിർമിച്ചിരുന്ന ഷെഡിന് സമീപമാണ് ഗിരീശൻ ബൈക്ക് നിർത്തിയിട്ടിരുന്നത്. സമീപത്ത് രാഘവന്റെയും സുരയുടെയും ബൈക്കുകളും നിർത്തിയിട്ടിരുന്നു. എന്നാൽ ഗിരീശന്റെ ബൈക്കും ഷെഡുമാണ് കത്തിനശിച്ചത്.
ഗിരീശനും രാഘവനും സുരയും മത്സ്യബന്ധനത്തിന് പോയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ കരയിലെത്തിയെങ്കിലും ബൈക്കും ഷെഡും പൂർണമായും കത്തിയിരുന്നു. സുരയുടെ ബൈക്കിന് കേടുപാട് സംഭവിച്ചുവെങ്കിലും തള്ളിമാറ്റിയതിനാൽ പൂർണമായും നശിച്ചില്ല. വിവരമറിഞ്ഞ് പയ്യന്നൂർ എസ്.ഐ എം.വി. ഷിജുവിന്റെ നേതൃത്വത്തിലു പൊലീസ് സ്ഥലത്തെത്തി.
സംഭവസ്ഥലത്ത് ബുധനാഴ്ചയും പൊലീസ് ക്യാമ്പു ചെയ്യുന്നുണ്ട്. ഷെഡിനകത്ത് മൂന്ന് സെറ്റ് വലകളുണ്ടായിരുന്നുവെന്നും ഇതും സമീപത്തുണ്ടായിരുന്ന മൂന്ന് സെറ്റ് നാടൻ വലകളും നശിച്ചതായും രാഘവൻ പറയുന്നു. വലകൾ മാത്രം നശിച്ച വകയിൽ 75,000 രൂപയുടെ നഷ്ടം സംഭവിച്ചതായി രാഘവൻ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് വടക്കുമ്പാട് മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ഷെഡും വലകളും സാമൂഹിക വിരുദ്ധർ അഗ്നിക്കിരയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.