ഹിന്ദുസ്ഥാനി രാഗങ്ങളുടെ ചാരുതയോടെ സംഗീത രാവുകൾക്ക് കൊടിയിറക്കം
text_fieldsപയ്യന്നൂർ: പയ്യന്നൂരിന്റെ മൺസൂൺ സന്ധ്യകൾക്ക് രാഗവിളക്കിന്റെ സുവർണ ശോഭ പകർന്നുനൽകിയ 41 നാളുകൾക്ക് വിട. പോത്താങ്കണ്ടം ആനന്ദഭവനം ആതിഥ്യമരുളുന്ന പത്തൊമ്പതാമത് തുരീയം സംഗീതോത്സവത്തിന് ഞായറാഴ്ച രാത്രിയോടെ തിരശ്ശീല വീണു. ശുദ്ധസംഗീതത്തിന്റെ പെരുമഴക്കാലത്തിന് തുടക്കം കുറിച്ച് സംഗീതാചാര്യൻ ഹരിപ്രസാദ് ചൗരസ്യ തുടങ്ങിവെച്ച രാഗസുന്ദര രാവുകൾ കൊടിയിറങ്ങിയത് ഹിന്ദുസ്ഥാനി സംഗീതലോകത്തിന്റെ മറ്റൊരു ഹരിത സാന്നിധ്യം സുമിത്ര ഗുഹയുടെ വായ്പാട്ടോടെ.
മറ്റൊരു അപൂർവ സംഗീത വിരുന്നിനാണ് കലാശ നാളിൽ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. നേരിയ ശബ്ദവീചികളിൽ തുടക്കം. തുടർന്ന് സുമിത്രയുടെ കണ്ഠത്തിൽനിന്നുയർന്ന ശബ്ദം സാഗര സമാനമായി പെയ്തിറങ്ങുകയായിരുന്നു. അപൂർവവും സാധാരണവുമായ ഹിന്ദുസ്ഥാനി രാഗങ്ങളുടെ പ്രവാഹമൊരുക്കിയാണ് സുമിത്ര സംഗീതാസ്വാദകരുടെ ഹൃദയത്തിൽ കുളിർ കോരിയിട്ടത്.
പാട്ടുകാരിയുടെ പാട്ടിനൊപ്പവും പാട്ടിന്റെ പിറകെയും ഹാർമോണിയത്തിൽ വിരൽ പായിച്ച് അനന്യ ശബ്ദസാന്നിധ്യം നൽകിയത് ശ്രീധർ ഭട്ട്. തബലയിൽ വിഘ്നേഷ് കമ്മത്തും കൂടെ പാടാൻ വിഘ്നേഷ് ചാറ്റർജിയും ചേർന്നപ്പോൾ അവസാന കച്ചേരി ഭാവദീപ്തം.
തുടർന്ന് നടന്ന സമാപന സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സുവർണ കീർത്തിമുദ്ര പുരസ്കാരം എ.ഡി.ജി.പിയും സംഗീതജ്ഞനുമായ എസ്. ശ്രീജിത്ത്, സ്വാമി കൃഷ്ണാനന്ദ ഭാരതിയിൽനിന്ന് ഏറ്റുവാങ്ങി. ലഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ, റിയർ അഡ്മിറൽ കെ. മോഹനൻ എന്നിവരെ ആദരിച്ചു. ടി. പത്മനാഭൻ, ലോക്നാഥ് ബഹ്റ, തോംസൺ ജോസ്, കേണൽ പരം വീർ സിങ് നാഗ്ര, സംഗീത സംവിധായകൻ വിദ്യാധരൻ, ചലച്ചിത്ര സംവിധായകൻ കമൽ, മീര വിജയ്, ആഹ്ന വൃന്ദ എന്നിവർ സംസാരിച്ചു. രാത്രി പഞ്ചരത്ന കീർത്തനാലാപനത്തോടെയാണ് സമാപനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.