കാടുപിടിച്ച ഭൂമി ഔഷധോദ്യാനമാക്കി ഔഷധി
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിസരത്ത് കടന്നപ്പള്ളി വില്ലേജിൽ വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന ഭൂമി ഔഷധോദ്യാനമാക്കി ഔഷധി. ഔഷധിയുടെ പരിയാരം ഉപകേന്ദ്രത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് വൻമരങ്ങൾ ഉൾപ്പെടുന്ന ഔഷധസസ്യ തോട്ടം ഉണ്ടാക്കുന്നത്. അഞ്ച് ഏക്കറോളം സ്ഥലത്ത് കുമിഴ്, കറുവപ്പട്ട, കരിങ്ങാലി, അശോകം തുടങ്ങിയ മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്.
ഇതിൽ കറുവപ്പട്ട മാത്രം 2000 ഓളം തൈകളാണ് നട്ടത്. ബാക്കിയുള്ളവ ഓരോന്നും അഞ്ഞൂറിലധികം തൈകളാണ് നടുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നേരത്തെ വെച്ചുപിടിപ്പിച്ച പുളിമരത്തിന് പുറമെയാണിത്. നിലവിലുള്ള തോട്ടത്തിന്റെ വടക്കുഭാഗത്താണ് പുതിയ ഉദ്യാനം രൂപമെടുക്കുന്നത്. പഴയ ടി.ബി സാനിറ്റോറിയത്തിന് കീഴിലുണ്ടായ അലക്കു ക്വാർട്ടേഴ്സിന്റെ പരിസരത്താണ് തോട്ടം.
വർഷങ്ങളായി പ്രദേശം കാടുപിടിച്ചു കിടക്കുകയായിരുന്നു. ഇവിടെയാണ് കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കിയത്. 10 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാനാണ് ലക്ഷ്യമിട്ടത്. ആദ്യഘട്ടമായി ഇക്കുറി അഞ്ചേക്കറിൽ കൃഷി ചെയ്യുകയായിരുന്നു.
ഔഷധി തന്നെ ഉൽപാദിപ്പിച്ച തൈകളാണ് നടുന്നത്. എല്ലാവർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വൃക്ഷത്തൈകൾ ഔഷധി സന്നദ്ധ സംഘടനകൾക്കും മറ്റും വിതരണം ചെയ്യാറുണ്ട്.
ഇക്കൊല്ലം 10,000 തൈകളാണ് വിതരണം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് ആവശ്യക്കാർ കുറവാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.