ഒരു വാർഡിൽ ഒരു കളിക്കളം സർക്കാർ ലക്ഷ്യം; സിന്തറ്റിക് ട്രാക്കും ഫുട്ബാൾ സ്റ്റേഡിയവും ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
text_fieldsപയ്യന്നൂർ: കായിക മേഖലയിൽ പുതിയ ഉണർവ് കൈവരിക്കുന്നതിന്റെ ഭാഗമായി ഒരു വാർഡിൽ ഒരു കളിക്കളം എന്നത് സർക്കാർ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബാൾ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. 1000 കേന്ദ്രങ്ങളിലായി അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകും.
അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നൽകുക. മൂന്ന് ഫുട്ബാൾ അക്കാദമി സംസ്ഥാനത്ത് തുടങ്ങി. കായിക മേഖലയിലേക്ക് ആകർഷിക്കുന്നതിലൂടെ ലഹരി മരുന്ന് ഉപയോഗത്തിൽനിന്ന് യുവ തലമുറയെ അകറ്റി നിർത്താനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ഗവ.മെഡിക്കൽ കോളജിനെ സർക്കാർ സവിശേഷമായാണ് കാണുന്നത്. ഏഴു വർഷം കൊണ്ട് മെഡിക്കൽ കോളജിനെ ശാക്തീകരിക്കാനും സംരക്ഷിക്കാനും ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ഇനിയും അത് തുടരും -അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കേ മലബാറിൽ നിർമിക്കുന്ന ലോക നിലവാരത്തിലുള്ള ആദ്യത്തെ സിന്തറ്റിക്ക് ട്രാക്കാണ് പരിയാരത്ത് യാഥാർഥ്യമായത്. ഇതിനായി ഏഴു കോടി രൂപ അനുവദിച്ചു. ഐ.എ.എ.എഫ് സ്റ്റാൻഡേർഡ് എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, ജംപിങ് പിറ്റ്, ട്രാക്കിന്റെ സുരക്ഷക്കായുള്ള ഫെൻസിങ്, കാണികൾക്കായുള്ള പവലിയൻ, കായിക താരങ്ങൾക്ക് വസ്ത്രം മാറാനുള്ള മുറി, ശുചിമുറി തുടങ്ങിയവയാണ് ഇവിടെയുള്ളത്. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ പുൽമൈതാനം സജ്ജമാക്കിയത്.
സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ന്യൂഡൽഹി സിൻകോട്ട് ഇന്റർനാഷനലാണ് ട്രാക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇതോടെ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ എണ്ണം നാലായി. എം.വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, കലക്ടർ എസ്. ചന്ദ്രശേഖർ, മുൻ എം.എൽ.എ ടി.വി. രാജേഷ്, തിരുവനന്തപുരം സായ് പ്രിൻസിപ്പൽ ഡോ. ജി. കിഷോർ എന്നിവർ വിശിഷ്ടാതിഥികളായി. കായിക വകുപ്പ് ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ടി. സുലജ, മെഡിക്കൽ കോളജ് മുൻ ചെയർമാൻ എം.വി. ജയരാജൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.കെ. പവിത്രൻ, ജില്ല പഞ്ചായത്ത് അംഗം ടി. തമ്പാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഐ. വത്സല, വാർഡ് അംഗം വി. എ. കോമളവല്ലി, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.ആർ. ജയചന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സി. എൻജിനീയർ എ.പി.എം. മുഹമ്മദ് അഷറഫ്, പ്രിൻസിപ്പൽ ഡോ. ടി കെ പ്രേമലത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.