വെടിയൊച്ചയും നിലവിളിയും; കൊലയിൽ നടുങ്ങി കൈതപ്രം ഗ്രാമം
text_fieldsപ്രതി സന്തോഷ്
പയ്യന്നൂർ: ആദ്യം കേട്ടത് വെടിയൊച്ച. ഒപ്പം കരച്ചിലും. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കൃത്യ നിർവഹണത്തിനുശേഷം പ്രതി ഇരുട്ടിലേക്ക് മറഞ്ഞിരുന്നു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കൈതപ്രത്ത് വ്യാഴാഴ്ച സംഭവിച്ച കൊലപാതകം ഗ്രാമത്തെ നടുക്കുന്നതായിരുന്നു. ആദ്യം അടുക്കാൻ ആരും ധൈര്യം കാണിച്ചില്ല. കൂടുതൽ നാട്ടുകാർ ഓടിയെത്തിയതോടെയാണ് നടന്ന സംഭവം വ്യക്തമായത്. ഒരു വാക്കുതർക്കം പോലുമില്ലാതെ സമാധാനപരമായി കഴിയുന്ന ഗ്രാമത്തിലേക്ക് അശാന്തിയുടെ കരിനിഴൽ പടർത്തിയാണ് ആ വെടിയൊച്ച മുഴങ്ങിയത്.
കൈതപ്രത്തെ സാമൂഹിക പ്രവർത്തകൻ കൂടിയായ ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണൻ, വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൈതപ്രത്ത് പുതുതായി നിർമിക്കുന്ന വീടിന്റെ പ്രവർത്തന പുരോഗതി വിലയിരുത്താൻ എത്തിയത്. രാധാകൃഷ്ണൻ അങ്ങോട്ട് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീടിന് സമീപം എത്തിയ ഉടനെയാണ് വെടിയുടെ ശബ്ദം കേട്ടതെന്ന് സമീപവാസികൾ പറയുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെയാണ്. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മാതമംഗലം പുനിയങ്കോട്ടാണ് രാധാകൃഷ്ണൻ താമസിക്കുന്നത്. വാഹനങ്ങൾ എത്താൻ സൗകര്യം എന്ന നിലയിലാണ് കൈതപ്രം വായനശാലക്കു സമീപം പുതുതായി വീടുവെക്കാൻ തീരുമാനിച്ചത്. കൃത്യം നിർവഹിക്കുന്നതിന് ഏറെ മുമ്പുതന്നെ പ്രതി സ്ഥലത്തെത്തിയതായി പൊലീസ് കരുതുന്നു. ഇവിടെ വെച്ച് മദ്യപിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പകുതിയൊഴിഞ്ഞ മദ്യ കുപ്പി ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൈത്തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
കൃത്യം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ആസൂത്രണം സംബന്ധിച്ച് സൂചന നൽകുന്ന പ്രതിയുടെ സമൂഹമാധ്യമ പോസ്റ്റ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തോക്കുമായി നിൽക്കുന്ന പടവും പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട കുറിപ്പുകളും പോസ്റ്റിലുണ്ട്. അതുകൊണ്ടു തന്നെ വ്യക്തിവിരോധമാണ് കൊലക്കു കാരണമെന്ന് വ്യക്തം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പൊലീസ് പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ കസ്റ്റഡിയിലെടുത്തു. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നറിയുന്നു. ഇരുട്ടിൽ മറഞ്ഞിരിക്കെയാണ് പിടിയിലായത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ്കുമാര്‍, പരിയാരം ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.