അത്ര നിറമില്ല, ഖാദിക്കുപിന്നിലെ ജീവിതം
text_fieldsപയ്യന്നൂർ: ഖാദിവസ്ത്രത്തെ വൈദേശിക അധിനിവേശത്തിനെതിരെ പോരാടാനുള്ള ആയുധമാക്കിയത് ഗാന്ധിജിയാണ്. വിദേശവസ്ത്രം ബഹിഷ്കരിച്ച് സ്വന്തം കൈകൊണ്ട് നെയ്തെടുക്കുന്ന വസ്ത്രം ധരിക്കുന്നതിലൂടെ ഗ്രാമങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ ഊടും പാവും നെയ്യാമെന്ന് ഗാന്ധിജി തെളിയിച്ചു. സ്വതന്ത്ര്യത്തിനു ശേഷവും അവഗണിക്കാനാവാത്ത അവശ്യ വസ്തുവായി ഖാദി. ഒപ്പം വിദേശ വിപണിയിലും ഇന്ത്യൻ ഖാദി പ്രിയങ്കരമായി. എന്നാൽ വർത്തമാനകാലത്ത് ഖാദിക്കു പിന്നിലെ ജീവിതം അത്ര വർണാഭമല്ല.
തൊഴിലില്ല, കൂലിയും
ഒരുകാലത്ത് പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിൽ മൂവായിരത്തോളം നൂൽനൂൽപു തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോൾ അത് രണ്ടായിരത്തോളം മാത്രം. ഇതിനു പുറമെ ഫർക്ക ഗ്രാമോദയ ഖാദി, കണ്ണൂർ ഖാദി, വിവിധ അസോസിയേഷനുകൾ തുടങ്ങിയ സംഘങ്ങളിൽ രണ്ടായിരത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നു. മൊത്തം നാലായിരം തൊഴിലാളികൾ ഇപ്പോൾ ഖാദിയെ ആശ്രയിക്കുന്നുണ്ട്. ഖാദി വ്യവസായത്തിൽനിന്ന് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നില്ല എന്നതാണ് തൊഴിലാളികൾ മേഖല വിടാൻ കാരണം.
രാവിലെ മുതൽ കമ്പനിയിലെത്തി നൂൽനൂറ്റാൽ തൊഴിലാളികൾക്ക് ലഭിക്കുന്നത് ശരാശരി 100 രൂപയാണെന്ന സത്യം പലർക്കും അറിയില്ല. ഈ കൂലിക്ക് ജോലി ചെയ്യാൻ തയാറായാൽ തന്നെ മിക്ക ദിവസങ്ങളിലും സ്ലൈവർ ഇല്ലാത്തതിനാൽ പണിയില്ല. മാസത്തിൽ 15 ദിവസം പോലും പണി ലഭിക്കാത്ത സ്ഥിതിയുണ്ട്.
ആനുകൂല്യങ്ങൾക്കും അവധി
ഖാദി തൊഴിലാളികൾക്ക് ദുരിതം തുടങ്ങിയിട്ട് വർഷങ്ങളായി. മിനിമം വേതന പൂരക സംഖ്യ, പ്രൊഡക്ഷൻ ഇൻസെന്റീവ്, ഡി.എ കുടിശ്ശിക എന്നിവ ഒരു വർഷമായി മുടങ്ങിക്കിടക്കുകയാണ്.
നൂൽനൂൽക്കാൻ ആവശ്യമായ 33-ാം നമ്പർ സ്ലൈവർ ലഭിക്കാതെയായിട്ട് നാലുമാസത്തിലേറെയായി. ഇതിനു മുമ്പ് 100ാം നമ്പർ സ്ലൈവർ നാലുമാസം കിട്ടിയിരുന്നില്ല. ഖാദി ഗ്രാമ വ്യവസായ കമീഷനാണ് സ്ലൈവർ വിതരണക്കാർ. തൃശ്ശൂർ കുറ്റൂരിലുള്ള സ്ലൈവർ പ്ലാന്റിൽ നിന്നാണ് കേരളത്തിലെ ഖാദി സ്ഥാപനങ്ങൾക്ക് സ്ലൈവർ വിതരണം ചെയ്തുവരുന്നത്. ഇവിടെ പ്രവർത്തനം നിലക്കുമ്പോൾ തൊഴിലാളികൾ പട്ടിണിയിലാവും. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം അവഗണനയിലാണ്.
മിനിമം വേതനം കുടിശ്ശിക
എടുത്ത പണിക്ക് കൃത്യമായ കൂലി ലഭിക്കുന്നില്ല എന്നതും മറ്റൊരു ദുരന്തം. ഖാദി ബോർഡിന് കീഴിലെ തൊഴിലാളികൾക്ക് എട്ടുമാസവും ഇതര ഖാദി സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തെയും സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം വിതരണം കുടിശ്ശികയായുണ്ട്. സർക്കാരിന്റെ ഇൻകം സപ്പോർട്ട് സ്കീമിൽ നിന്നും നൽകുന്ന തുക ഉപയോഗപ്പെടുത്തിയാണ് ഖാദി സ്ഥാപനങ്ങൾ മിനിമം വേതനം വിതരണം ചെയ്യുന്നത്.
ഉൽപാദന ബോണസ് 18 മാസം മുതൽ മൂന്നുവർഷം വരെയുള്ളത് വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ ബാക്കിയുണ്ട്. സർക്കാർ 2002 മുതൽ അനുവദിച്ചതാണ് ഉൽപാദന ബോണസ്. ഇതുവരെ ബോണസ് ഇത്രയധികം മാസങ്ങൾ കുടിശ്ശികയായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഖാദി മേഖലയിൽ കൃത്യമായി ജോലി ലഭിക്കാത്തത് തന്നെ രണ്ടു വർഷത്തോളമായി. വിവിധ ഖാദി സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ജോലി കൊടുക്കാൻ കഴിയാതെ അവരുടെ നൂൽ നൂൽപ്പ് കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഖാദി കമീഷന്റെ പ്ലാൻറ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത് രണ്ടുവർഷമാണ്.
ഇപ്പോൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും സ്ലൈവർ വിതരണം പഴയ നിലയിലേക്ക് എത്തിയിട്ടില്ല. ഈ ഓണക്കാലത്ത് തൊഴിലാളികൾ പട്ടിണിയിൽ തന്നെയാണെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു.
മുടങ്ങിപ്പോയ മന്ത്രിതല ചർച്ച
തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ഇതിനുമുമ്പ് രണ്ടു തവണ ചർച്ച നടത്താൻ സമയം കണ്ടുവെങ്കിലും രണ്ടു തവണയും പൊതു അവധി പ്രഖ്യാപിച്ചതിനാൽ ചർച്ച നടന്നില്ല. ഒന്ന് സെപ്റ്റംബർ 29 ന് പെരുന്നാളിന്റെ അവധി. മറ്റൊന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരിച്ചതിനെ തുടർന്നുള്ള അവധി. വ്യവസായ മന്ത്രിയും തൊഴിൽ മന്ത്രിയും സംയുക്തമായിട്ടായിരുന്നു തൊഴിലാളി നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.