ഉത്തരക്കടലാസിൽ സ്വന്തം പിതാവിനെക്കുറിച്ചെഴുതാൻ നിയോഗവുമായി ഹരിനന്ദൻ
text_fieldsപയ്യന്നൂർ: ചോദ്യപേപ്പർ കൈയിൽ കിട്ടിയപ്പോൾ അവൻ പരിഭ്രമിച്ചില്ല. പക്ഷേ ഒരു സംശയം, എവിടെ തുടങ്ങണം? എങ്ങനെ എഴുതണം? കാരണം ഉത്തരക്കടലാസിൽ പകർത്തേണ്ടത് സ്വന്തം പിതാവിന്റെ ജീവിതമാണ്. ഉറഞ്ഞാടി അനുഗ്രഹം ചൊരിയുന്ന തെയ്യത്തിന്റെ നിറമുള്ള വിവരണമാണ്.
കണ്ടോന്താർ ഇടമന യു.പി സ്കൂളിലെ ഏഴാംതരക്കാരൻ ഹരിനന്ദനാണ് ഉത്തരക്കടലാസിൽ സ്വന്തം പിതാവിനെക്കുറിച്ചെഴുതാൻ നിയോഗമുണ്ടായത്. നൂറുകണക്കിന് കാവുകളിൽ കതിവനൂർവീരൻ കെട്ടി അനുഗ്രഹം ചൊരിയാൻ നിയോഗമുള്ള വിനു പെരുവണ്ണാനാണ് ഹരിനന്ദന്റെ പിതാവ്. ഏഴാം ക്ലാസിലെ മലയാളം വാർഷിക പരീക്ഷയിലെ ഏഴാമത്തെ പ്രവർത്തന ചോദ്യമായാണ് വിനു പെരുവണ്ണാനെക്കുറിച്ചുള്ള ചോദ്യമായത്. കതിവനൂർവീരന്റെ കോലധാരിയെന്ന് വിഖ്യാതനായ വിനു പെരുവണ്ണാൻ സ്കൂൾ വാർഷികത്തിന് അതിഥിയായെത്തുമ്പോൾ അഭിമുഖത്തിനായി ചോദ്യങ്ങൾ തയാറാക്കാനാണ് ചോദ്യക്കടലാസിൽ ആവശ്യപ്പെട്ടത്.
ഹരിനന്ദന്റെ മനസ്സിൽ അച്ഛന്റെ ജീവിതം തെയ്യക്കോലങ്ങൾപോലെ മിഴിവോടെ നിറഞ്ഞുനിന്നു. കാവുകളിൽനിന്ന് കാവുകളിലേക്കോടുന്ന അച്ഛനെക്കുറിച്ച്, കതിവനൂർ വീരനായി ഉറഞ്ഞാടുന്ന അച്ഛന്റെ തെയ്യപ്പെരുമയെക്കുറിച്ച് അവന് അധികം ആലോചിക്കേണ്ടിവന്നില്ല. അതുകൊണ്ട് അച്ഛനെക്കുറിച്ചുള്ള അക്ഷരസാക്ഷ്യമായി അവന്റെ ഉത്തരങ്ങൾ നിറച്ചാർത്തണിഞ്ഞത് സ്വാഭാവികം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.