മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ തുടങ്ങി
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ പുനഃരാരംഭിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് സി കാത്ത് ലാബ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം തുടങ്ങിയത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സി കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെയാണ് ശസ്ത്രക്രിയ മുടങ്ങിയത്.
ബി, സി എന്നീ രണ്ട് കാത്ത് ലാബുകളാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇതിൽ ബി കാത്ത് ലാബ് ഒരുവർഷം മുമ്പ് തകരാറിലായി. 40 ലക്ഷം രൂപ ചെലവിൽ ഇത് അറ്റകുറ്റപ്പണി നടത്തി വരികയാണ്. ഈ സമയത്ത് സി ലാബിലാണ് ശസ്ത്രക്രിയ നടത്തിവരുന്നത്. ഇവിടത്തെ യന്ത്രത്തിന്റെ ഫ്ലൂറോസ്കോപിക് ട്യൂബ് തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമായത്. വിദേശത്തുനിന്ന് ഫ്ലൂറോസ്കോപിക് ട്യൂബ് എത്തിച്ച് സ്ഥാപിച്ചതോടെ ശസ്ത്രക്രിയ പുനരാരംഭിച്ചു.
അറ്റകുറ്റപ്പണി നടന്നുവരുന്ന ബി കാത്ത് ലാബിന്റെ പണി പൂർത്തിയായി വരികയാണ്. ഈ കാത്ത് ലാബിന്റെ അറ്റകുറ്റപ്പണി തിങ്കളാഴ്ചയോടെ പൂർത്തിയാക്കി ശസ്ത്രക്രിയ ആരംഭിക്കാനാവുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപും ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എസ്.എം. അഷ്റഫും അറിയിച്ചു. കാത്ത് ലാബ് പണിമുടക്കിയതോടെ ശസ്ത്രക്രിയക്ക് കാത്തിരുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തിരുന്നു.
കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പാവപ്പെട്ട ഹൃദയരോഗികൾ ആശ്രയിക്കുന്ന സ്ഥാപനമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. സഹകരണ മേഖലയിലായപ്പോൾ ദക്ഷിണ ഭാരതത്തിലെ ഏറ്റവും മികച്ച ഹൃദ്രോഗ ചികിത്സകേന്ദ്രമായി സഹകരണ ഹൃദയാലയ മാറി. ഒരു വർഷം 25,000ന് മുകളിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഹൃദയശസ്ത്രക്രിയ പൂർണമായി നിലച്ചത് നൂറുകണക്കിന് രോഗികളെ ദുരിതത്തിലാക്കി.
ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ശസ്ത്രക്രിയ തിയറ്റർ നവീകരണ പ്രവൃത്തിയുടെ പേരിൽ അടച്ചിട്ടതിനെ തുടർന്ന് ആറു മാസമായി സർജറികൾ മുടങ്ങിയിരിക്കുകയാണ്. ഇതിനടിയിലാണ് ഹൃദയ പരിശോധനയും ആൻജിയോപ്ലാസ്റ്റിയും ചെയ്യുന്ന കാത്ത് ലാബ് പണിമുടക്കിയത്. ദിനം പ്രതി ഒട്ടേറെ രോഗികൾ ഹൃദയ ശസ്ത്രക്രിയ നടത്താൻ ആശ്രയിക്കുന്ന സർക്കാർ മെഡിക്കൽ കോളജിൽ കാത്ത് ലാബ് നിലച്ചതും സർജറി വാർഡ് അടച്ചിട്ടതും രോഗികൾക്ക് ദുരിതമായി.
നവീകരണം പൂർത്തിയാക്കി തിയറ്ററുകൾ ഉടൻ തുറക്കാൻ നിർദ്ദേശം നൽകിയതായി ബന്ധപ്പെട്ടവർ പറഞ്ഞു. പുതിയ കാത്ലാബ് വാങ്ങുന്നതിന് സർക്കാർ നാലു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കകം പുതിയ കാത്ത് ലാബ് കൂടി ലഭിക്കുന്നതോടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടും. ബൈപാസ് സർജറി തിയറ്റർ നവീകരണം പൂർത്തിയാക്കി ഉടൻ തുറക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.