പയ്യന്നൂരിൽ 10 വീടുകൾ തകർന്നു
text_fieldsപയ്യന്നൂർ: താലൂക്കിലെ വിവിധ വില്ലേജുകളിൽ കാലവർഷക്കെടുതിയിൽ വീണ്ടും വൻ നാശം. നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. പയ്യന്നൂർ നഗരസഭയിൽ മൂന്നു വീടുകൾ തകർന്നു. കിഴക്കെ കണ്ടങ്കാളിയിലെ പടിഞ്ഞാറെ പുരയിൽ തങ്കമണിയുടെയും (55) പുഞ്ചക്കാട് കിഴക്ക് പനക്കീൽ കുഞ്ഞിക്കണ്ണന്റെയും (66) കോറോം വില്ലേജ് കാനായിയിൽ ഉമേഷിന്റെയും വീടുകളാണ് തകർന്നത്. കുഞ്ഞിക്കണ്ണന്റെ ഓടുമേഞ്ഞ വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു. ആളപായമില്ല. വീട്ടുപകരണങ്ങൾ നശിച്ചു. കാനായി മീങ്കുഴി ഡാമിന് സമീപം ശക്തമായ കാറ്റിനെ തുടർന്ന് പുതിയപുരയിൽ ഉമേഷിന്റെ വീടിന് മുകളിലേക്ക് മരം വീണ് അടുക്കള ഭാഗം തകർന്നു. പുതിയങ്ങാടി ബീച്ച് റോഡ് ബാപ്പൂട്ടി കോർണറിനു സമീപത്തെ തെക്കൻ ശ്രീരഞ്ജിനിയുടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തിങ്കളാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിൽ വലിയ തെങ്ങും മരവും പൊട്ടി വീണ് തകർന്നു. വീടിനുള്ളിലാണ് ഓടും മരവും തെങ്ങും തേങ്ങകളും പതിച്ചത്. വീട്ടുകാർ ഉറങ്ങിയ മുറിയിൽ മരം വീഴാതിരുന്നതിനാൽ ആളപായമൊഴിവായി. വൈദ്യുതി കമ്പികൾ മുറിഞ്ഞുവീണത് വീടിനടുത്തുള്ള വെള്ളക്കെട്ടിലായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി.
പെരളം വില്ലേജ് പള്ളിക്കുളം മരത്തക്കാട് കോട്ടോൽ ശ്യാമളയുടെ വീട് തകർന്നു. പടിഞ്ഞാറു ഭാഗത്തായി ശഹാദത്തിന്റെ വീടിന്റെ കിണറിനോടു ചേർന്നുള്ള മതിൽ രാവിലെയുണ്ടായ മഴയിൽ തകർന്നു. കരിവെള്ളൂർ വില്ലേജിൽ കൂക്കാനത്ത് പുന്നക്കോടൻ തമ്പാന്റെ വീടിന് തെങ്ങ് പൊട്ടിവീണ് നാശനഷ്ടം സംഭവിച്ചു. പെരിങ്ങോം വില്ലേജിൽ പി.വി. പ്രിത്യു രാജിന്റെ വീടിന് കനത്ത മഴയിൽ നാശനഷ്ടമുണ്ടായി. മാടായി വില്ലേജിൽ വെങ്ങരയിൽ പ്രിയദർശിനി സ്കൂളിന് സമീപം സതീഷ് ബാബുവിന്റെ വീട് മരം വീണ് തകർന്നു. വൈകീട്ടുണ്ടായ അതിശക്തമായ കാറ്റിൽ സതീഷ് ബാബുവും കുടുംബവും താമസിക്കുന്ന ഓടിട്ട വീടിനുമുകളിൽ മരം പൊട്ടിവീഴുകയായിരുന്നു. ഒരു ഭാഗത്തെ മേൽക്കൂര തകർന്നു. പയ്യന്നൂരിൽ തകർന്ന വീടുകൾ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, കൗൺസിലർ എം. ആനന്ദൻ, മുനിസിപ്പൽ എൻജിനിയർ കെ. ഉണ്ണി, ഹെൽത്ത് സൂപ്പർവൈസർ എ.വി. മധുസൂദനൻ, കെ. ശ്യാമള എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.