നിരോധനത്തിന് പുല്ലുവില ഊത്തപിടിത്തം വ്യാപകം; പൂവാലികൾ ഇനിയെത്ര കാലം?
text_fieldsപയ്യന്നൂർ: അഴകൻ പറഞ്ഞു; 'പൂവാലീ, കരയാനുള്ള നേരമല്ലിത്, നമുക്ക് ഉടനെ പുറപ്പെടണം. മണ്ണിൽ എവിടെയെങ്കിലും ഉണ്ടാവും ജീവനെ കുളിരണിയിക്കാൻ നിറയെ വെള്ളമുള്ള ഒരിടം' ഇരു മത്സ്യങ്ങളും ചെകിളപ്പൂക്കൾ വിടർത്തി ആവുന്നത്ര പ്രാണവായു ഉള്ളിലേക്ക് വലിച്ചു. കിളികളോട് യാത്ര പറഞ്ഞ് വെള്ളം വറ്റി തുടങ്ങിയ പാറയിടുക്കുകൾക്കുള്ളിലൂടെ അവർ യാത്ര ആരംഭിച്ചു. അംബികാസുതൻ മാങ്ങാടിെൻറ പ്രശസ്തമായ രണ്ടു മത്സ്യങ്ങൾ എന്ന കഥയവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്.
ശുദ്ധജലത്തിൽ മുട്ടയിട്ട് പ്രജനനം നടത്തുന്ന നാടൻ മത്സ്യമായ നെടുംചൂരി ഇനത്തിൽപ്പെട്ട രണ്ടു മത്സ്യങ്ങളാണ് അഴകനും പൂവാലിയും. കവ്വായി കായലിെൻറ നിശ്ചലമായ ആഴത്തിലെ ചൂണ്ടക്ക് പിടികൊടുക്കാതെ ഭാര്യയും ഭർത്താവും മുട്ടയിട്ട് പ്രജനനം നടത്താൻ 15 കിലോമീറ്ററോളം നാട്ടുനീർച്ചാലുകളിലൂടെ സഞ്ചരിച്ച് കയ്യൂർ ചീമേനി പഞ്ചായത്തിലെ ശൂലാപ്പ് കാവിലെത്തുന്നതാണ് കഥ. എന്നാൽ കാവിൽ എത്തുമ്പോഴേക്കും കാവിലെ വെള്ളം മനുഷ്യ ഇടപെടൽ മൂലം ഇല്ലാതായി. ഇതോടെ മറ്റ് ജലശേഖരം തേടി ഭാര്യയും ഭർത്താവും സഞ്ചരിക്കുന്നിടത്താണ് കഥ പരിസമാപ്തിയാവുന്നത്.
നീർച്ചാലുകൾ വറ്റിവരണ്ടതാണ് കഥയിലെ കാതലെങ്കിൽ ശുദ്ധജലം നോക്കി പ്രജനനം നടത്താനെത്തുന്ന മത്സ്യങ്ങളെ വയറൊഴിയുന്നതിന് മുമ്പ് പിടിച്ച് വയർനിറക്കുന്നതാണ് ഈ അടച്ചിടൽ കാലത്തെ ഏറ്റവും വലിയ ദുരന്തം. പാടത്തും തോട്ടിലും കായലോരത്തും പുഴയിലും അനധികൃതമായി മീൻപിടിക്കാനിറങ്ങുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിന് പുല്ലുവില. പുതുമഴ പെയ്തതോടെ ശുദ്ധജലം നോക്കി കയറിവരുന്ന നാട്ടുമത്സ്യങ്ങളെ കൊന്നൊടുക്കുകയാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ. അടച്ചിടൽ വന്നപ്പോൾ കഴിഞ്ഞ വർഷവും വൻതോതിൽ മത്സ്യസമ്പത്ത് നശിപ്പിച്ചതായി പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വലകളുപയോഗിച്ചും വാക്കത്തി കൊണ്ട് വെട്ടിയുമാണ് ഈ വംശനാശം.
നിയമമുണ്ട് പക്ഷേ...
പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ ഈ സമയങ്ങളിൽ നാട്ടുമത്സ്യങ്ങൾ പിടിക്കരുതെന്നാണ് നിയമം. മത്സ്യം പിടിക്കുന്നതിന് പുറമെ വിൽപന നടത്തുന്നതും കുറ്റകരമാണ്. കനത്ത മഴയിൽ ജലാശയങ്ങൾ നിറയുമ്പോൾ പുഴ വിട്ട് വയലിലും തോട്ടിലുമെത്തി മത്സ്യങ്ങൾ മുട്ടയിട്ട് പെരുകുന്ന സമയമായതാണ് നിയന്ത്രിക്കാൻ കാരണം. മീൻകുഞ്ഞുങ്ങളെയും ഗർഭിണികളെയും കൂട്ടത്തോടെ പിടികൂടിയാൽ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ 80ലധികം മത്സ്യങ്ങളുടെ വംശനാശം സംഭവിച്ചതായാണ് കണ്ടെത്തൽ.
ഫിഷറീസ് വകുപ്പിനെ അറിയിക്കാം
അനധികൃത മീൻപിടിത്തം ശ്രദ്ധയിൽപെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാമെന്ന് പറയുന്നു. എന്നാൽ ആരും പരാതിപ്പെടാറില്ലെന്നതാണ് സ്ഥിതി. അതുകൊണ്ടു തന്നെ അവശേഷിക്കുന്ന ഇനങ്ങളെയെങ്കിലും നിലനിർത്താൻ പ്രത്യേക സ്ക്വാഡുകൾ ഉണ്ടാക്കി തിരച്ചിൽ നടത്തണമെന്ന ആവശ്യം ശക്തമാണ്.
15,000 രൂപ പിഴ
മത്സ്യസമ്പത്ത് നശിപ്പിക്കുന്ന തരത്തിൽ അനധികൃതമായി മീൻപിടിച്ചാൽ 15,000 രൂപ പിഴയും ആറുമാസം തടവു ശിക്ഷയും ലഭിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതേ നിയമപ്രകാരം നടപടി സ്വീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.