രാജ്യാന്തര ഫോക്ലോർ ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു
text_fieldsപയ്യന്നൂർ: നാടോടി ജീവിതത്തിന് നിറംപകർന്ന കാമറക്കാഴ്ചകളുടെ ഉത്സവത്തിന് പയ്യന്നൂരിൽ തിരി തെളിഞ്ഞു. കേരള ഫോക്ലോര് അക്കാദമി നടത്തുന്ന ത്രിദിന അന്താരാഷ്ട്ര ഫോക്ലോർ ചലച്ചിത്രോത്സവത്തിനാണ് പയ്യന്നൂരിൽ തുടക്കമായത്. പയ്യന്നൂര്‍ ശാന്തി സിനിമാസിലെ രണ്ടു സ്ക്രീനുകളില്‍ ആയി നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ 16 ഫീച്ചര്‍ സിനിമകളും 17 ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻററികളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ബോബി ശർമ ബറുവയുടെ മിഷിങ് എന്ന ചിത്രത്തോടെയാണ് കാഴ്ചകളുടെ മേളക്ക് തുടക്കംകുറിച്ചത്. ഷാനവാസ് നരണിപ്പുഴയുടെ കരി, കെ.പി. കുമാരെൻറ തോറ്റം, മോപ്പാള, മധുബനി പെയിൻറിങ്, കാണി, ഉരിയാട്ട് തുടങ്ങിയ ചിത്രങ്ങളും ഉദ്ഘാടനദിവസം പ്രദർശിപ്പിച്ചു.
ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയങ്ങളായ മനോജ് കാനയുടെ കെഞ്ചിര, സന്തോഷ് മണ്ടൂരിെൻറ പനി ഉള്‍പ്പെടെയുള്ള മലയാള സിനിമകളും മറാത്തി, അരുണാചല്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളും മത്സരവിഭാഗത്തിലുണ്ടാവും. ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഉള്‍പ്പെട്ട ലോക സിനിമ വിഭാഗം, അരവിന്ദെൻറ കുമ്മാട്ടി, എം.ടി. അന്നൂരിെൻറ കാല്‍ചിലമ്പ് എന്നിവ ഈ ചലച്ചിത്രോത്സവത്തിെൻറ ഹൈലൈറ്റ് ആയിരിക്കും. ഫിലിംസ് ഡിവിഷന് പാക്കേജ് ഉള്‍പ്പെടെയുള്ള പഴയതും പുതിയതുമായ ഇന്ത്യയിലെ ഫോക് ഡോക്യുമെൻററികളും മേളയില്‍ ഉണ്ട്.
ഏറ്റവും നല്ല ഫീച്ചര്‍ സിനിമകൾക്ക് 50,000, 25,000, 20,000 എന്നിങ്ങനെ കാഷ് അവാർഡുകൾ നൽകും. ഡോക്യുമെൻററി, ഹ്രസ്വ സിനിമകള്‍ക്കും മേളയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഇന്ത്യയിലെ അറിയപ്പെടുന്ന ഫോക് സംഗീത ട്രൂപ്പുകള്‍ മേളയോട് അനുബന്ധമായ പരിപാടികളില്‍ പങ്കെടുക്കും. പൂര്‍ണമായും സൗജന്യമാണ് മേളയിേലക്കുള്ള പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് നടത്തുന്ന മേള ഞായറാഴ്ച വൈകീട്ട് സമാപിക്കും.
പ്രദർശനം സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സി. കൃഷ്ണൻ എം.എൽ.എ പി.പി. ദിവ്യ തുടങ്ങി ജനപ്രതിനിധികൾ, സിനിമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. എ.വി. അജയകുമാർ പ്രഭാഷണം നടത്തി. കീച്ചേരി രാഘവൻ സ്വാഗതവും പത്മനാഭൻ കാവുമ്പായി നന്ദിയും പറഞ്ഞു.
ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഫോക് ലോറും സിനിമയും എന്ന വിഷയത്തിൽ സെമിനാർ സി.എസ്. വെങ്കിടേശ്വരനും വൈകിട്ട് 4.30ന് ആദരം പരിപാടി സി.വി. ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. 6.30ന് നാടൻ കലാപരിപാടികൾ നടക്കും 21ന് വൈകീട്ട് സമാപന സമ്മേളനം സി.ജെ.കുട്ടപ്പെൻറ അധ്യക്ഷതയിൽ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും.
ചലച്ചിത്ര മേളയിൽ ഇന്ന് 12 ചിത്രങ്ങള്‍
പയ്യന്നൂർ: സന്തോഷ് മണ്ടൂരിെൻറ പനി, എം.ടി. അന്നൂരിെൻറ കാല്‍ചിലമ്പ്, ജി. അരവിന്ദെൻറ കുമ്മാട്ടി, പ്രവീണ്‍ കേളിക്കോടന്‍, റിയാസ് റാസ് എന്നിവര്‍ സംവിധാനം ചെയ്ത പുള്ള് തുടങ്ങിയ ചിത്രങ്ങളും ഡോക്യുമെൻററികളും വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.