പയ്യന്നൂരിൽ വീണ്ടും മഴക്കെടുതി; വീട് തകർന്നു, ആൽമരം കടപുഴകി
text_fieldsഅന്നൂരിലെ കെ.പി. സതീശന്റെ വീടിന്റെ ഒരു ഭാഗം തകർന്നനിലയിൽ
പയ്യന്നൂർ: നഗരസഭ പരിധിയിൽ വീണ്ടും മഴക്കെടുതി. വീട് തകർന്നു. കൂറ്റൻ ആൽമരം കടപുഴകി. അന്നൂർ ശാന്തിഗ്രാം വാർഡിലെ കണ്ടക്കോരൻ മുക്കിന് സമീപത്തെ കെ.പി. സതീശന്റെ ഓടുമേഞ്ഞ വീടിന്റെ ഒരു ഭാഗം മഴയെ തുടർന്ന് പൂർണമായും നിലംപതിച്ചു. ശനിയാഴ്ച ഉച്ചക്കായിരുന്നു അപകടം. സതീശനും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയത്ത് എല്ലാവരും വരാന്തയിലായിരുന്നതിനാൽ ദുരന്തം വഴിമാറി.
നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, കൗൺസിലർ എ. രൂപേഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചു.
കണ്ടോത്ത് ആൽമരം കടപുഴകിയ നിലയിൽ
നഗരസഭയിൽ കോറോം വില്ലേജിലെ കാനായി സൗത്തിൻ പാലങ്ങാട് വളപ്പിൽ കാർത്യായനിയുടെ 25 വർഷം പഴക്കമുള്ള വീടിന്റെ കോൺക്രീറ്റ് അടർന്നുവീണു. തറക്ക് വിള്ളൽ വീണു. ശക്തമായ മഴയെ തുടർന്ന് വീടിന്റെ ചുറ്റും വെള്ളക്കെട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ കണ്ടോത്ത് അറയുടെ പരിസരത്തെ ആൽ കടപുഴകി അടുത്തുള്ള രണ്ടു വീടുകളുടെ ചുറ്റുമതിൽ തകർന്നു. മരം മുറിച്ചുനീക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.