കെ റെയിൽ സിൽവർലൈൻ പദ്ധതി: പാതക്ക് കുറ്റിയിട്ടു; ഈ പക്ഷികൾ ഇനിയെവിടെ പോകും?
text_fieldsപയ്യന്നൂർ: അന്താരാഷ്ട്ര സൗഹൃദത്തിെൻറ അടയാളങ്ങളാണ് ദേശാടന പക്ഷികൾ. അതുകൊണ്ടുതന്നെ കിലോമീറ്ററുകൾ പറന്ന് ദേശങ്ങൾ പിന്നിട്ടെത്തുന്ന ഈ പക്ഷികൾ രാഷ്ട്രത്തിെൻറ അതിഥികളാണ്. വികസനത്തിെൻറ പേരിൽ ഇവയുടെ ആവാസകേന്ദ്രങ്ങൾ കൈയേറുമ്പോൾ ഇല്ലാതാകുന്നത് ഈ സൗഹൃദം തന്നെ.
കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ചെമ്പല്ലിക്കുണ്ട് തണ്ണീർതടം. ഏക്കർ കണക്കിന് വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഇവിടെ സീസണിൽ പതിനായിരത്തിലധികം പക്ഷികൾ വിരുന്നെത്തുന്നതായാണ് കണക്ക്. ഈ ചതുപ്പിലൂടെയാണ് റെയിൽ കടന്നുപോകുന്നത്.
നേരത്തെ ഇന്ത്യൻ റെയിൽവേയുടെ ലൈൻ ചതുപ്പിനെ പകുത്താണ് പോയത്. ഇതുണ്ടാക്കിയ പാരിസ്ഥിതിക നാശത്തിനു പുറമെയാണ് സിൽവർ ലൈനും നാശം വിതക്കാൻ പോകുന്നത്. വയലപ്ര പാർക്കു മുതൽ കുഞ്ഞിമംഗലം കൊവ്വപ്പുറം വരെയുള്ള 12 ഏക്കറിലധികം ചതുപ്പ് നികത്തിയായിരിക്കും റെയിൽ പോവുക. ഇത് പക്ഷികളുടെ ഇര തേടലിനെ ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. മാത്രമല്ല, ട്രെയിൻ പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദമലിനീകരണവും ഇവയുടെ സ്വൈരവിഹാരത്തിന് തടസ്സമാവും.
എരണ്ടകൾ മുതൽ രാജഹംസം വരെ
വിരുന്നെത്തുന്ന പക്ഷികളുടെ വൈവിധ്യമാണ് ചെമ്പല്ലിക്കുണ്ടിെൻറ പ്രത്യേകത. പക്ഷികളുടെ ആധിക്യവും വൈവിധ്യവുമാണ് കേരളത്തിലെ പക്ഷിനിരീക്ഷകരെ ഇവിടേക്ക് ആകർഷിക്കുന്നതും. കേരളത്തിൽ അധികം എത്താത്ത രാജഹംസം ചെമ്പല്ലിക്കുണ്ടിൽ എത്തിയത് രേഖപ്പെടുത്തുന്നത് ഏതാനും വർഷങ്ങൾക്കു മുമ്പു മാത്രമാണ്.
ഹോളണ്ടിെൻറ ദേശീയപക്ഷിയായ പട്ടവാലൻ ഗോഡ്വിറ്റ് , വിവിധ തരം കടൽ കാക്കകൾ, ആളകൾ, വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറാൻ കടൽ പരുന്ത്, താലി പരുന്ത്, പെരിഗ്രിൻ ഫാൽക്കൻ, വെസ്റ്റേൺ മാർഷ് ഹരിയർ (കരിതപ്പി) തുടങ്ങിയവ ചെമ്പല്ലിക്കുണ്ടിലെത്തുന്ന വിദേശികളാണ്.
പക്ഷികൾ കുറയുന്നു
അടുത്തകാലത്തായി ചെമ്പല്ലിക്കുണ്ടിൽ എത്തുന്ന പക്ഷികളുടെ എണ്ണം കുറയുന്നതായി പക്ഷിനിരീക്ഷകർ പറയുന്നു. ചതുപ്പുകൾ നികത്തി കെട്ടിടങ്ങൾ പണിയുന്നതും കണ്ടൽ വെട്ടി ചെമ്മീൻ പാടം നിർമിക്കുന്നതും നീർതടത്തിലെ മാലിന്യക്കൂമ്പാരവുമാണ് പക്ഷികളെ വിലക്കുന്നത്. കെ റെയിൽ കൂടിയാവുമ്പോൾ ഇവയുടെ വരവിൽ ഗണ്യമായ കുറവുണ്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തകരുന്നത് ഹരിതകവചം
കേരളത്തിൽ കൂടുതൽ കണ്ടൽക്കാടുകളുള്ള പഞ്ചായത്താണ് കുഞ്ഞിമംഗലം. ഇതിെൻറ നല്ലൊരു ഭാഗം ചെമ്പല്ലിക്കുണ്ടിലാണ്. കേരളത്തിൽ കാണുന്ന മിക്ക ഇനങ്ങളും ഇവിടെയുണ്ട്. എന്നാൽ, ഇവ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കെ റെയിൽ അധികം കണ്ടൽ കവരുന്നില്ലെങ്കിലും തുടർ വികസനങ്ങൾ ഈ ഹരിതകവചം ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.