ഈ ചിത്രത്തിന്റെ ആയുസ്സ് ആറു സെക്കൻഡ് ആസ്വാദക മനസ്സിൽ ചിരപ്രതിഷ്ഠ
text_fieldsകോറം മുത്തത്തിയിലെ പ്ലസ് ടു വിദ്യാർഥി കെ.പി. രോഹിത് ഒരുക്കിയ കൽചിത്രത്തിെൻറ ആയുസ്സ് വെറും ആറു സെക്കൻഡ് മാത്രം. എന്നാൽ, ഒരിക്കൽ കണ്ടവർക്ക് ആ ചിത്രം മനസ്സിൽനിന്ന് ഒരിക്കലും മായ്ക്കാനാവില്ല. ചിത്രകലക്ക് പുതിയ മാധ്യമം കണ്ടെത്തിയ ഈ കൗമാരക്കാരൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാണ്. കൽചിത്ര വിഡിയോ കണ്ട് രോഹിതിനെ അഭിനന്ദിച്ചവരിൽ മലയാളത്തിെൻറ മഹാനടൻ മോഹൻലാലും ഉൾപ്പെടും.
ബോർഡിൽ പ്രത്യേക രീതിയിൽ കല്ലുനിരത്തിയാണ് വര. ആദ്യം വരച്ചത് മോഹൻലാലിനെ തന്നെ. ബോർഡിൽ കല്ലുനിരത്തി ചിത്രം തയാറാക്കിയശേഷം അതു വായുവിലേക്ക് കൈകൊണ്ട് മെല്ലെ ഉയർത്തുന്നു. പ്രതലത്തിൽനിന്ന് കല്ല് മുകളിലേക്കുയരുമ്പോൾ ലാലിെൻറ കൽരൂപം കാണാം. വെറും ആറ് സെക്കൻഡ് ആവുമ്പോഴേക്കും ചിത്രം മാഞ്ഞ് താഴെ കൽക്കൂമ്പാരമായി മാറും. വിഡിയോ സാവധാനം ഷൂട്ടുചെയ്താൽ മാത്രമേ ചിത്രം വ്യക്തമായി ആസ്വദിക്കാൻതന്നെ കഴിയൂ.
ബോർഡിൽ പല വലുപ്പത്തിലുള്ള കല്ലുകൾ നിരത്തിയാണ് മോഹൻലാലിെൻറ മുഖം വരച്ചത്. പഴയകാലത്തെ വീട്ടമ്മമാർ മുറംകൊണ്ട് അരിയും മറ്റും വൃത്തിയാക്കുമ്പോൾ ചെയ്യുന്നതുപോലെയാണ് കല്ലുകൾ മുകളിലേക്ക് ഇടുന്നത്. അപ്പോൾ ബോർഡിലെ ചിത്രം ആറു സെക്കൻഡ് മാത്രം വായുവിൽ തെളിഞ്ഞുനിൽക്കും. ചിത്രങ്ങൾ വരക്കാറുണ്ട് രോഹിത്. പെൻസിൽ ഡ്രോയിങ് ആണ് പഥ്യം. പുതിയ വിദ്യ കൈവശപ്പെടുത്തിയത് ഇപ്പോൾ മാത്രം. ഏറെക്കാലം നീണ്ട ശ്രമത്തിലൂടെയാണ് രോഹിത് മോഹൻലാലിെൻറ വായുവിലുള്ള കൽചിത്രം വരച്ചുയർത്തി വിഡിയോയിലാക്കിയത്.
ചെറിയ അശ്രദ്ധയുണ്ടായാൽപോലും ചിത്രം വായുവിൽ തെളിയില്ല. കല്ലുകൾ വെക്കുന്നതിലെ ദൂരം മാറിയാലും തെളിയില്ല. കാരണം വായുവിൽ ഉയരുമ്പോൾ ചിത്രത്തിെൻറ മുകൾഭാഗത്തെ കല്ലുകൾ ആദ്യം ഉയരും. സ്ഥാനം ഒരിക്കലും തെറ്റരുത്. വൈകി ഉയരുന്ന താഴെയുള്ള കല്ലുകളുടെ സ്ഥാനം കൃത്യമായി കണക്കാക്കിയാൽ മാത്രമേ ചിത്രം കൃത്യമായി തെളിയൂ. കണ്ണും മറ്റും കൃത്യമായി അതത് സ്ഥാനത്ത് തെളിയുക വലിയ വെല്ലുവിളിയാണ്. രണ്ടു കണ്ണുകളുടെയും കല്ലുകളുടെ വലുപ്പവും ഭാരവും മാറിയാൽപോലും രണ്ടു വേഗത്തിലായിരിക്കും ഉയരുക. എന്നാൽ, ഇതെല്ലാം കൃത്യമായി വെക്കാനും ഉയർത്താനും രോഹിതിനാവുന്നു.
സഹോദരനും എം.ബി.എ വിദ്യാർഥിയുമായ രാഹുലാണ് അനുജെൻറ കൽചിത്രം പകർത്തി സമൂഹമാധ്യമങ്ങളിലിട്ടത്. നിമിഷമാത്ര കാഴ്ചാനുഭവം നിമിഷങ്ങൾ കൊണ്ടുതന്നെ വൈറലായി. അധികം വൈകാതെ മോഹൻലാലിെൻറ ശബ്ദസന്ദേശം രാഹുലിെൻറ ഫോണിലെത്തി. 'അനുജെൻറ സ്റ്റോൺ ആർട്ട് വളരെ നന്നായി. ആദ്യമായാണ് ഇത്തരമൊരു ചിത്രം കാണുന്നത്. രോഹിതിന് എല്ലാവിധ ആശംസയും. ആയുർവേദ ചികിത്സയിലായിരുന്നു. അതുകൊണ്ടാണ് വൈകിയത്.
ആയിരക്കണക്കിന് സ്വന്തം ചിത്രങ്ങൾ വരച്ചുകണ്ട ലാലിെൻറ ശബ്ദ സന്ദേശം വലിയ അംഗീകാരമായി ഈ കുടുംബം കാണുന്നു. ഒപ്പം കാണാമെന്ന വാഗ്ദാനവും നടൻ നൽകുന്നു. മുത്തത്തിയിലെ കെ.വി. രാജെൻറയും കെ.പി. ശീതയുടെയും മക്കളാണ് രാഹുലും രോഹിതും. രോഹിത് കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഈ വർഷമാണ് ഹയർ സെക്കൻഡറി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.