‘ഇന്ത്യ’ കാണാൻ വരൂ; മായ്ച്ചു കളയുന്ന ചരിത്ര സ്ഥലികൾ തിരിച്ചുപിടിക്കാം
text_fieldsപയ്യന്നൂർ: ആരോഗ്യ സർവകലാശാല ഉത്തരമേഖല കലോത്സവത്തിന് സംഘാടകർ നൽകിയ പേര് ‘ഇന്ത്യ’ എന്നാണ്. ഇന്ത്യയിൽ ഇങ്ങനെ ഒരു പേരിൽ കലോത്സവം നടക്കുന്നത് ഇതാദ്യമായിരിക്കാം. ചരിത്രത്തിൽ നിന്ന് ഇന്ത്യയെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്ന സമയത്ത് കാലത്തിന്റെ കണ്ണാടിയായ കലയുടെ ഉത്സവത്തിന് ഈ പേര് അന്വർഥം തന്നെയെന്ന് മതേതര മനസ്സുകൾ അടിവരയിടുന്നു.
കലോത്സവത്തിന്റെ പേര് മാത്രമല്ല, വേദികളുടെ പേരിലുമുണ്ട് കാലത്തിന് നേരെ പിടിച്ച കണ്ണാടിയിലെ പ്രതിബിംബങ്ങൾ. മായ്ച്ചു കൊണ്ടിരിക്കുന്ന ചരിത്ര സ്ഥലികളെ അടയാളപ്പെടുത്തിയാണ് വേദികൾക്ക് പേരിട്ടത്. മുഗൾ രാജാക്കന്മാരുടെ ചരിത്രം ഇന്ത്യയുടെ ചരിത്ര താളുകളിൽ നിന്ന് പറിച്ചുകളയുകയും പാഠപുസ്തകങ്ങളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്യുമ്പോൾ ഒന്നാം വേദിയെ മുഗൾ ഗാർഡൻ എന്ന് പേരിട്ട് തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് സംഘാടകർ. രാജ്പഥാണ് രണ്ടാം വേദിയായ ബാസ്കറ്റ് ബാൾ കോർട്ട്. ഇതും മറ്റൊരു ചരിത്രത്തെയാണ് ഓർമിപ്പിക്കുന്നത്.
അസഹിഷ്ണുതയും അപരവത്കരണവും മുഖമുദ്രയാക്കിയവർ മാറ്റി നിർത്താൻ ശ്രമിക്കുന്ന ഫൈസാബാദ്, അലഹബാദ്, ഔറംഗബാദ് എന്നീ പേരുകളിലും വേദിയെ പരിചയപ്പെടുത്തി ഇന്ത്യയുടെ മതേതര മനസിനെ നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്.
തെരുവുനാടകത്തിലൂടെ അരുതായ്മക്കെതിരെ കലഹിക്കാമെന്ന് ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത സഫ്ദർ ഹാഷ്മിയുടെ പേരിൽ തെരുവുനാടകവേദിയൊരുക്കിയതും മറ്റൊരു പ്രത്യേകത. ഇന്ത്യ എന്ന പേര് എന്തുകൊണ്ട് എന്ന് പരിശോധിക്കണമെന്നും ഇന്ത്യയുടെ പേര് മാറ്റുമ്പോഴുണ്ടാവുന്ന മാനസികമായ സംഘർഷം എന്തായിരിക്കുമെന്നും ഓർമിപ്പിക്കുന്നതാണ് കലോത്സവത്തിന്റെയും വേദികളുടെയും പേരെന്ന് കലോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.