‘ഞങ്ങളുടെ മൈതാനം ഞങ്ങൾക്ക് വിട്ടുതരുക’
text_fieldsപയ്യന്നൂർ: കാങ്കോൽ ശിവക്ഷേത്ര മൈതാനം മദ്യപാനികളുടെ വിഹാരകേന്ദ്രമായി മാറുന്നതായി പരാതി. മദ്യപരുടെ ശല്യത്താൽ ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികളും, ഗ്രൗണ്ടിൽ കായിക പരിശീലനം തേടുന്നവരും.
നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത മൈതാനത്തെ മദ്യപരിൽനിന്ന് മോചിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ആർമി, പൊലീസ്, അഗ്നിരക്ഷാസേന തുടങ്ങിയ സേനാ വിഭാഗങ്ങളിൽ എഴുത്തു പരീക്ഷ ജയിച്ച ഉദ്യോഗാർഥികൾ കായിക ക്ഷമത പരിശീലനം തേടുന്ന സ്ഥലം കൂടിയാണ് ഈ മൈതാനം. വിദൂര സ്ഥലങ്ങളിൽനിന്നുപോലും ഇവിടെയെത്തി പരിശീലനത്തിലേർപ്പെടുന്നവരുണ്ട്.
രാത്രിയായാൽ പ്രദേശം മദ്യപരുടെ നിയന്ത്രണത്തിലാകുന്നതായാണ് ആക്ഷേപം. മദ്യപിച്ച ശേഷം കുപ്പി അടുത്തുള്ള പറമ്പുകളിലും മൈതാനത്തും വലിച്ചെറിയുന്ന സംഭവങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഗ്രൗണ്ടിൽ പരിശീലനത്തിലേർപ്പെടുന്നവർക്കിത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് കാങ്കോൽ ഫാസ്റ്റ് അക്കാദമി ജനറൽ സെക്രട്ടറിയും പ്രമുഖ കോച്ചുമായ എ. കരുണാകരൻ പറയുന്നു.
മദ്യപാനത്തോടൊപ്പം മറ്റ് നിരോധിത ലഹരി ഉൽപന്നങ്ങളും ഉപയോഗിച്ചുവരുന്നതായും പറയുന്നു. ഗ്രൗണ്ടിൽ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയും പൊലീസ്, എക്സൈസ് പരിശോധന കാര്യക്ഷമമാവുകയും ചെയ്താൽ ഇത്തരം പ്രവണതകൾക്ക് തടയിടാൻ സാധിക്കുമെന്ന് സമീപവാസികൾ പറയുന്നു. മാത്രമല്ല, കുപ്പികൾ വലിച്ചെറിയുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടിയുണ്ടാവണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.